ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് ട്രംപ്, അമേരിക്കന്‍ ജനതയോട് ഞാന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ടെന്ന് സെലെന്‍സ്‌കി – അസലിപ്പിരിഞ്ഞ ചര്‍ച്ചയില്‍ വാക്കുകള്‍ക്കൊണ്ട് മുറിവേല്‍പ്പിച്ച് നേതാക്കള്‍ – വിഡിയോ

വാഷിംഗ്ടണ്‍ : രാഷ്ട്ര നേതാക്കള്‍ നടത്തുന്ന പതിവു ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ച് നടത്തിയ ചര്‍ച്ചയില്‍ കടുത്ത വാക്കേറ്റവും വെല്ലുവിളിയും ഉയര്‍ത്തി നേതാക്കള്‍ സംസാരിച്ചതോടെ ലക്ഷ്യം കാണാതെ അലസിപ്പിരിഞ്ഞു.

യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കന്‍ ജനതയോട് ഞാന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ സെലെന്‍സ്‌കിയും മറുപടി നല്‍കി. അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി.

യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ സാധ്യമായ ഒരു വെടിനിര്‍ത്തലിനെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകളുടെ ഭാഗമായി, യുക്രെയ്‌നിനായുള്ള അപൂര്‍വ ധാതുക്കളുടെ ഇടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസില്‍ എത്തിയ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ പരാമര്‍ശിച്ചുകൊണ്ട്, ‘നമ്മുടെ പ്രദേശത്തെ ഒരു കൊലയാളിയുമായി’ വിട്ടുവീഴ്ച ചെയ്യരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സാധ്യമായ ഏതൊരു ഉടമ്പടിക്കും യുക്രെയ്ന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

‘വിട്ടുവീഴ്ചകളില്ലാതെ നിങ്ങള്‍ക്ക് ഒരു കരാറും ചെയ്യാന്‍ കഴിയില്ല,’ എന്നായിരുന്നു ട്രംപ് സെലന്‍സിയോട് പറഞ്ഞത്. ചര്‍ച്ചകളിലെ തന്റെ പങ്കിനെക്കുറിച്ച് സംസാരിച്ച ട്രംപ് താന്‍ മധ്യസ്ഥനാണെന്നും യുക്രെയ്നെയും റഷ്യയേയും പിന്തുണയ്ക്കുന്നുവെന്നും എനിക്ക് അത് പരിഹരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാന്‍ നിഷ്പക്ഷത ആവശ്യമാണെന്ന് വാദിച്ച അദ്ദേഹം ‘ഞാന്‍ ആരുമായും യോജിക്കുന്നില്ലെന്നും ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളുമായും ലോകത്തിന്റെ നന്മയുമായും യോജിക്കുന്നുവെന്നും തുറന്നടിച്ചു.

‘നിങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കൊണ്ടാണ് ചൂതാട്ടം നടത്തുന്നത്, നിങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തിനായാണ് ശ്രമിക്കുന്നതെന്നും നിങ്ങള്‍ ചെയ്യുന്നത് രാജ്യത്തോടുള്ള വളരെ അനാദരവാണെന്നും’ ട്രംപ് കടുത്ത ഭാഷയില്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ചു.

തുടര്‍ന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെലെന്‍സ്‌കിയെ മാറിമാറി ശകാരിച്ചു. ഇത് ചര്‍ച്ചയെ കൂടുതല്‍ വഷളാക്കി. വാന്‍സിനോട് ‘ഉറക്കെ സംസാരിക്കുന്നത് നിര്‍ത്താന്‍’ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ഇതോടെ വാക്കുകള്‍ക്കും ചര്‍ച്ചയ്ക്കും മുമ്പെങ്ങുമില്ലാതിരുന്ന മൂര്‍ച്ചവെച്ചു. ‘യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രം ആവശ്യമാണെന്ന്’ വാന്‍സ് തറപ്പിച്ചുപറഞ്ഞു. സെലെന്‍സ്‌കി ഓവല്‍ ഓഫീസില്‍ ‘അനാദരവ്’ കാണിച്ചുവെന്ന് വാന്‍സ് പിന്നീട് ആരോപിച്ചു, ഇത് പിരിമുറുക്കം വര്‍ദ്ധിപ്പിച്ചു. വൈസ് പ്രസിഡന്റിനെ ന്യായീകരിച്ച ട്രംപ് ‘ഞങ്ങള്‍ നിങ്ങള്‍ക്ക് 350 ബില്യണ്‍ ഡോളറും സൈനിക ഉപകരണങ്ങളും ധാരാളം പിന്തുണയും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളുടെ സൈനിക ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമായിരുന്നു” എന്ന് ആഞ്ഞടിച്ചു. ‘അതെ, അതെ, രണ്ടോ മൂന്നോ ദിവസം പോലും നീണ്ടുനില്‍ക്കില്ലായിരുന്നു, പുടിനില്‍ നിന്നും ഞാന്‍ അത് കേട്ടു’ എന്ന് സെലെന്‍സ്‌കി ഉടന്‍ തന്നെ തിരിച്ചടിച്ചു.

‘ആളുകള്‍ മരിക്കുന്നു, നിങ്ങള്‍ക്ക് സൈനികരുടെ എണ്ണം കുറയുന്നു, എന്നിട്ട് നിങ്ങള്‍ ഞങ്ങളോട് ‘എനിക്ക് ഒരു വെടിനിര്‍ത്തല്‍ വേണ്ട’ എന്നും ‘എനിക്ക് യുദ്ധം തുടരണം’ എന്നും പറയുന്നു. നിങ്ങള്‍ ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ഞാന്‍ ഇവിടെയുണ്ട്, എനിക്ക് ഒരു വെടിനിര്‍ത്തല്‍ വേണം, പക്ഷേ വ്യക്തമായും, നിങ്ങള്‍ക്ക് അത് വേണ്ട.’- ട്രംപ് ഒട്ടും വിട്ടുകൊടുക്കാതെ കുറ്റപ്പെടുത്തി.

ട്രംപിന്റെ നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കന്‍ കക്ഷി നേതാക്കളുടെ പിന്തുണ നേടാനും സന്ദര്‍ശനം സഹായിക്കുമെന്ന സെലെന്‍സ്‌കിയുടെ പ്രതീക്ഷ ഇതോടെ അസ്തമിക്കുകയായിരുന്നു

More Stories from this section

family-dental
witywide