
ദോഹ: ഖത്തർ എയർവേയ്‌സിനായി യുഎസ് നിർമ്മാതാക്കളായ ബോയിംഗിൽ നിന്ന് 160 ജെറ്റുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഖത്തർ ബുധനാഴ്ച ഒപ്പുവച്ചു. യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഗൾഫ് അറബ് രാജ്യത്തിലേക്കുള്ള സന്ദർശന വേളയിൽ ഡോണൾഡ് ട്രംപും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. 200 ബില്യൺ ഡോളർ വിലമതിക്കുന്ന 160 ജെറ്റുകളാണ് കരാറിലുള്ളതെന്ന് ട്രംപ് പറഞ്ഞു.
ബോയിംഗിന് തീർച്ചയായും ഈ കരാര്‍ ഉപകാരപ്രദമാകും. 2024ന്‍റെ തുടക്കത്തിൽ അലാസ്ക എയർലൈൻസിന്‍റെ 737 മാക്സ് വിമാനത്തിന്‍റെ ഡോർ പ്ലഗ് ഊരിത്തെറിച്ച് വിമാനത്തിന്‍റെ വശത്ത് വലിയൊരു ദ്വാരം രൂപപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം കമ്പനിയുടെ ഓർഡറുകൾ ഫലത്തിൽ സ്തംഭിച്ച അവസ്ഥയിലായിരുന്നു. 2024 അവസാനത്തോടെ ഓർഡറുകളിൽ ഒരു തിരിച്ചുവരവുണ്ടായെങ്കിലും, ബോയിംഗിന്‍റെ മൊത്തം ഓർഡറുകൾ കഴിഞ്ഞ വർഷം മുഴുവനും 569 മാത്രമായിരുന്നു. 2023 നെ അപേക്ഷിച്ച് 60 ശതമാനത്തിന്‍റെ വലിയ കുറവാണ് ഉണ്ടായത്. കൂടാതെ, വലിയൊരു പണിമുടക്കും ബോയിംഗിന് തിരിച്ചടിയായി. ഏകദേശം 33,000 മെഷീനിസ്റ്റുകൾ സെപ്റ്റംബറിൽ പിക്കറ്റ് ലൈനിൽ ഇറങ്ങി. ഇതോടെ ഡിസംബർ ആദ്യം വരെ ബോയിംഗ് ഉത്പാദനം പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.