എട്ട് രാജ്യങ്ങൾക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്, ഏറ്റവും ഉയർന്ന തീരുവ ബ്രസീലിന്

വാഷിംഗ്ടൺ: എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീൽ ഉൾപ്പെടെ അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാര തീരുവ സംബന്ധിച്ച് രാജ്യങ്ങൾക്ക് അയച്ച കത്തുകൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന് പുറമേ, അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്. എല്ലാ പുതിയ താരിഫുകളും ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയർന്ന തീരുവ പ്രഖ്യാപനം മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ബ്രസീലിന് ഏർപ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നും റിപ്പോർട്ടുണ്ട്. ഏപ്രിൽ മാസത്തിൻ്റെ തുടക്കത്തിൽ ബ്രസീലിന് മേൽ അമേരിക്ക ഏർപ്പെടുത്തിയ 10 ശതമാനം നിരക്കിൽ നിന്നുള്ള വൻതോതിലുള്ള വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ട്രംപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയെ ബാധിക്കുന്ന സുസ്ഥിരമല്ലാത്ത വ്യാപാര കമ്മികൾക്ക് കാരണമാകുന്ന നിരവധി വർഷത്തെ താരിഫ്, നോൺ-താരിഫ് നയങ്ങളും വ്യാപാര തടസ്സങ്ങളും പരിഹരിക്കുന്നതിന് പുതിയ താരിഫുകൾ ആവശ്യമാണെന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് കത്തിൽ സൂചിപ്പിച്ചു.

ഈ കമ്മി അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കി. ഉൽപ്പാദന സൗകര്യങ്ങൾ അമേരിക്കയുടെ മണ്ണിലേക്ക് മാറ്റാൻ തയ്യാറുള്ള അന്താരാഷ്ട്ര കമ്പനികളെ പുതിയ താരിഫുകളിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ട്.പുതിയ താരിഫിൽ ബ്രിക്സിൻ്റെ ഭാഗമായ ബ്രസീലിൻ്റെ മേൽ ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവയാണ് ഏറ്റവും ശ്രദ്ധേയം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സ് അമേരിക്കയെ ദ്രോഹിക്കുന്നതിനായി രൂപീകരിച്ചതാണെന്ന് നേരത്തെ ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ആ രാജ്യങ്ങൾക്ക് ഉടൻ തന്നെ 10% താരിഫ് നിരക്കുകൾ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.അമേരിക്കയെ ലോക വേദിയിൽ ന്യായമായി പരിഗണിക്കുന്നു എന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നേരത്തെ വൈറ്റ്ഹൗസും വ്യക്തമാക്കിയിരുന്നു.

ബ്രിക്‌സ് രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ തള്ളിക്കളഞ്ഞിരുന്നു. ജപ്പാൻ, ദക്ഷിണകൊറിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ തിങ്കളാഴ്ച പങ്കുവെച്ചിരുന്നു. അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്നിന് മുൻപ് ഉണ്ടാക്കിയില്ലെങ്കിൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്.

More Stories from this section

family-dental
witywide