
ന്യൂയോർക്ക്: രഹസ്യമായി പണം നൽകിയതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ തനിക്കെതിരായ വിധി ചോദ്യം ചെയ്ത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അപ്പീൽ നൽകി. ഈ കേസ് കോടതിയിൽ വരാൻ പാടില്ലായിരുന്നുവെന്നും വിധി റദ്ദാക്കണമെന്നും ട്രംപിന്‍റെ അഭിഭാഷകർ അപ്പീലിൽ വാദിച്ചു. ട്രംപിന്‍റെ അഭിഭാഷകർ, അന്വേഷണത്തിലുടനീളം വിചാരണയിലും നിരസിക്കപ്പെട്ട വാദങ്ങൾ ആവർത്തിച്ചു. മാൻഹട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗ് (ഒരു ഡെമോക്രാറ്റ്) രാഷ്ട്രീയ പ്രേരിതമായ കേസ് കൊണ്ടുവരികയാണെന്ന് ആരോപിച്ച അവർ, വിചാരണയിൽ നിന്ന് പിന്മാറാതിരുന്നതിലും പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി പ്രകാരം ഒഴിവാക്കേണ്ട തെളിവുകൾ അനുവദിച്ചതിലും ജഡ്ജിക്ക് പിഴവ് സംഭവിച്ചതായും ചൂണ്ടിക്കാട്ടി.
“ന്യൂയോർക്ക് നിയമങ്ങൾ ലംഘിച്ചിട്ടില്ലാത്ത ഒരു പെരുമാറ്റം ലക്ഷ്യമിട്ട്, ജില്ലാ അറ്റോർണി, നിയമപരമായ സങ്കീർണ്ണ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, കാലഹരണപ്പെട്ട ചെറു കുറ്റകൃത്യങ്ങളെ ഒരുമിപ്പിച്ച് ഒരു വലിയ കുറ്റകൃത്യമായി വ്യാജമായി ഉണ്ടാക്കിയെടുത്തു. ഈ കേസ് ഒരു കോടതിയുടെ അകത്ത് പോലും കാണേണ്ടിയിരുന്നില്ല, ശിക്ഷയ്ക്ക് കാരണമാകേണ്ടിയിരുന്നില്ല,” ട്രംപിന്‍റെ അഭിഭാഷകർ 96 പേജുള്ള അപ്പീൽ രേഖയിൽ കുറിച്ചു.
2024 മെയ് മാസത്തിൽ, 34 കള്ളക്കേസുകളിൽ ട്രംപിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, തന്‍റെ മുൻ പേഴ്സണൽ അറ്റോർണി മൈക്കിൾ കോഹന് പണം തിരികെ നൽകാൻ ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചു എന്നതായിരുന്നു കേസ്. ട്രംപുമായി മുൻപ് ലൈംഗിക ബന്ധമുണ്ടായി എന്ന ആരോപണം പുറത്തുപറയാതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയൽസിന് കോഹൻ 130,000 ഡോളർ നൽകിയിരുന്നു. ട്രംപ് ഈ ബന്ധം നിഷേധിച്ചിരുന്നു.















