
വാഷിംഗ്ടൺ : ടെക്സാസിൽ ഉണ്ടായ അതിതീവ്രമായ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാരിനെ പെട്ടെന്ന് കുറ്റപ്പെടുത്തുന്നതിനെതിരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്. ദുരന്തത്തെ ട്രംപ് ഭരണകൂടം നാഷണൽ വെതർ സർവീസിൽ (NWS) വരുത്തിയ വെട്ടിച്ചുരുക്കലുകളുമായി ബന്ധിപ്പിക്കുന്ന ചില ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലായിരുന്നു ലീവിറ്റിന്റെ പ്രതികരണം. നിരവധി ഡെമോക്രാറ്റുകൾ ഇതിനെ ഒരു രാഷ്ട്രീയ കളിയാക്കാൻ ശ്രമിക്കുകയാണെന്ന് ലീവിറ്റ് പറഞ്ഞു. ടെക്സാസ് പ്രളയത്തിന് കാരണം ജീവനക്കാരുടെ കുറവാണെന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് അവർ സംസാരിച്ചത്.
ഈ അഭിപ്രായങ്ങൾ ഹീനവും നിന്ദ്യവുമാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ചും ഇത്രയധികം അമേരിക്കക്കാർക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെട്ട ഈ ദുഃഖകരമായ സമയത്ത് ഇത് ശരിയല്ലെന്നും ലിവിറ്റ് കൂട്ടിച്ചേർത്തു.
എന്നാൽ, ലീവിറ്റിന്റെ ഈ പ്രസ്താവന പുറത്തുവരുന്നതിന് 24 മണിക്കൂർ മുൻപ്, അവരുടെ മേധാവി ട്രംപ് തന്നെയായിരുന്നു ദുരന്തത്തിന് കാരണം കണ്ടെത്താൻ ശ്രമിച്ചത്. എന്നാൽ, നിലവിലെ സർക്കാരിനെയല്ല, മുൻ സർക്കാരിനെയായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയത്. ദുരന്തം യഥാർത്ഥത്തിൽ ബൈഡൻ ഉണ്ടാക്കിയതാണ് എന്നാണ് ട്രംപ് പറഞ്ഞത്.