
വാഷിംഗ്ടൺ: കാലിഫോർണിയയിലെ കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജനുവരിയിലെ കാട്ടുതീ ദുരിതബാധിതർക്കായി 100 മില്യൺ ഡോളർ സമാഹരിച്ച ഫയർഎയ്ഡ് (FireAid) ധനസമാഹരണ സംരംഭത്തെ “മറ്റൊരു ഡെമോക്രാറ്റ് സ്കാം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലോസ് ഏഞ്ചൽസ് തീപിടിത്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഒരു പ്രധാന ധനസമാഹരണ പരിപാടിയായി ഫയർഎയ്ഡ് സ്വയം പ്രചരിപ്പിച്ചിരുന്നുവെങ്കിലും, തങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന് ചില കാട്ടുതീ ഇരകൾ പറയുന്നു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഇങ്ങനെ പറഞ്ഞു: “ഫയർഎയ്ഡ് ഒരു സമ്പൂർണ്ണ ദുരന്തമാണ്. ഇത് മറ്റൊരു ഡെമോക്രാറ്റ് തട്ടിപ്പ് പോലെ തോന്നുന്നു. 100 മില്യൺ ഡോളർ കാണാതായിരിക്കുന്നു. ലോസ് ഏഞ്ചൽസിലെ തീപിടിത്ത ഇരകൾക്ക് നൽകേണ്ട പണമായിരുന്നു അത്. ശരിയായ മാനേജ്മെന്റ് ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കാത്ത തീപിടിത്തങ്ങളായിരുന്നു അത്.”
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെയും ട്രംപ് വിമർശിച്ചു: “ഗവർണർ ന്യൂസ്കം വടക്കൻ കാലിഫോർണിയയിൽ നിന്നും പസഫിക് നോർത്ത് വെസ്റ്റിൽ നിന്നും കോടിക്കണക്കിന് ഗാലൻ വെള്ളം തുറന്നുവിടാൻ വിസമ്മതിച്ചു. അത് എത്ര വലിയ മാറ്റമുണ്ടാക്കുമായിരുന്നു! ഞാൻ അതിനെ മറികടന്ന് ഇപ്പോൾ അത് തുറന്നുവിട്ടിട്ടുണ്ട്. എല്ലാ ഫെഡറൽ ഭവന പെർമിറ്റുകളും അംഗീകരിച്ചിട്ടുണ്ട്. നഗരം വർഷങ്ങളോളം വൈകി. തീപിടിത്ത ഇരകൾക്ക് അവരുടെ വീടുകൾ പുനർനിർമ്മിക്കാൻ അനുമതി നൽകുക, ഇപ്പോൾ തന്നെ ചെയ്യുക!”