
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോണ്‍ മസ്കും തമ്മിലുള്ള വാക് യുദ്ധം അടങ്ങുന്ന ലക്ഷണമില്ല. മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് തുറന്നടിച്ചു. അത്തരം ഒരു ആലോചന പോലുമില്ലെന്നാണ് ട്രംപ് ആവർത്തിച്ചത്. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയാണ് ഈ പോര് നടന്നു കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്‍റെ സാമ്പത്തിക, വ്യാവസായിക, നയതന്ത്ര നിലപാടുകളിലും നയങ്ങളിലും വരെ പ്രസിഡന്‍റിന് പിന്നിൽ നിന്ന് ചരടുവലിച്ച ബുദ്ധികേന്ദ്രമായിരുന്നു മസ്ക്. ഗവൺമെന്റ് എഫിഷ്യൻസി നിയന്ത്രിക്കാൻ രൂപീകരിച്ച വകുപ്പിന്‍റെ തലവൻ.
അങ്ങനെ അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തനായിരുന്ന ഇടത്ത് നിന്നാണ് മസ്ക് ഇപ്പോൾ ട്രംപിന്‍റെ ശത്രുക്കളിൽ ഒരാളായി മാറിയിരിക്കുന്നത്.
മസ്കിൻ്റെ കമ്പനികളുമായി സർക്കാർ ഉണ്ടാക്കിയിരിക്കുന്ന എല്ലാ കരാറുകളും വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അല്ലെങ്കിൽ തന്നെ ട്രംപുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ മസ്കിൻ്റെ ടെസ്ല കാറുകളുടെ വിൽപന ലോകം മുഴുവൻ കാര്യമായ കുറഞ്ഞിരിക്കുകയാണ്. ടെസ്ലക്ക് എതിരെ വലിയ ഒരു മൂവ്മെൻ്റ് തന്നെ ഉണ്ടാവുകയും എല്ലാ ഷോറൂമുകൾക്ക് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്.കൈ പൊള്ളി തുടങ്ങിയതോടെ മസ്ക് വെറുതെ ഇരിക്കുന്നില്ല. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് ആവശ്യപ്പെട്ടിരിക്കുകയാണ്.













