
വാഷിംഗ്ടണ്‍: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരായ വിമർശനം കൂടുതൽ ശക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പവൽ രാജിവെക്കാൻ താൽപ്പര്യപ്പെട്ടാൽ അതാണ് തനിക്കിഷ്ടമാണെന്ന് ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പവൽ മോശം ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തെ ബുദ്ധിശൂന്യനെന്ന് വിശേഷിപ്പിക്കാൻ പോലും ട്രംപ് മടിച്ചില്ല. “അദ്ദേഹത്തിന് താൽപ്പര്യമുണ്ടെങ്കിൽ രാജി വെക്കുന്നത് എനിക്കിഷ്ടമാണ്, അയാൾ ഒരു മോശം ജോലിയാണ് ചെയ്തത്,” ട്രംപ് പറഞ്ഞു. “നമ്മൾ ഇപ്പോൾ ഒരു ശതമാനം പലിശ നൽകേണ്ടിടത്ത്, അതിനേക്കാൾ കൂടുതൽ നൽകുന്നു. കാരണം, എനിക്ക് തോന്നുന്നു, ട്രംപ് ഡെറേഞ്ച്‌മെന്‍റ് സിൻഡ്രോം (Trump Derangement Syndrome) ബാധിച്ച ഒരാളാണ് അവിടെയുള്ളത്,” ട്രംപ് കൂട്ടിച്ചേർത്തു.
പലിശ നിരക്കുകൾ ഗണ്യമായി കുറയ്ക്കണമെന്ന തന്‍റെ പഴയ ആവശ്യം ട്രംപ് വീണ്ടും ആവർത്തിച്ചു. ഫെഡറൽ റിസർവ് നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറഞ്ഞ വായ്പാ ചെലവുകൾ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം യുഎസ് പ്രസിഡന്‍റ് വാദിച്ചു. ഫെഡറൽ റിസർവ് അടുത്തിടെ പലിശ നിരക്ക് 4.25 ശതമാനം മുതൽ 4.50 ശതമാനം വരെ നിലനിർത്താൻ തീരുമാനിച്ചിരുന്നു. സാമ്പത്തിക വളർച്ച സന്തുലിതമാക്കിക്കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ഈ നിരക്ക് നിശ്ചയിച്ചത്. ഫെഡറൽ റിസർവുമായുള്ള ട്രംപിന്‍റെ പോരാട്ടങ്ങൾ അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ആദ്യ വരവ് മുതൽ തുടങ്ങിയതാണ്. മതിയായ കാരണങ്ങളില്ലാതെ ഒരു ഫെഡ് ചെയർമാനെ പിരിച്ചുവിടാൻ പ്രസിഡന്റിന് നിയമപരമായ അവകാശമില്ലെങ്കിലും, തന്‍റെ ഭരണകാലത്ത് ട്രംപ് ഈ കീഴ്‌വഴക്കത്തെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്.