‘മുന്‍ എഫ്ബിഐ ഡയറക്ടര്‍ വൃത്തികെട്ട പൊലീസുകാരന്‍’- 8647′ -ല്‍ പ്രതികരിച്ച് ട്രംപ്; കോമിയെ സീക്രട്ട് സര്‍വീസ് ചോദ്യം ചെയ്തു

വാഷിംഗ്ടണ്‍: അവ്യക്തമായ സമൂഹ മാധ്യമ പോസ്റ്റുകൊണ്ട് പുലിവാലുപിടിച്ച മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ കടന്നാക്രമിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഡേര്‍ട്ടി കോപ്പ്’ എന്നായിരുന്നു കോമിയെ ട്രംപ് മുദ്രകുത്തിയത്.

ബീച്ചിലെ കക്കകള്‍ ഉപയോഗിച്ച് 8647′ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രം അടുത്തിടെയാണ് കോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തി. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പ്രസിഡന്റിനെതിരായ ഭീഷണിയായി ഇതിനെ വ്യാഖ്യാനിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. ട്രംപിനെ ‘ഒഴിവാക്കാനുള്ള’ കോഡാണെന്നും അതിനുള്ള സോഷ്യല്‍ മീഡിയ പോസ്റ്റാണെന്നും വ്യാഖ്യാനങ്ങള്‍ വന്നതോടെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതോടെ വിഷയം സീക്രട്ട് സര്‍വീസ് അന്വേഷണത്തിലാണ്.

‘അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു, അത് കൊലപാതകത്തെയാണ് ഉദ്ദേശിച്ചത്, അത് അത് ഉച്ചത്തിലും വ്യക്തമായും പറയുന്നു. ഇപ്പോള്‍, അദ്ദേഹം വളരെ കഴിവുള്ളവനല്ല, പക്ഷേ അതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അദ്ദേഹം പ്രസിഡന്റിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നു,’ വെള്ളിയാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. മാത്രമല്ല ട്രംപ് കോമിയെ ‘ഒരു വൃത്തികെട്ട പൊലീസുകാരന്‍'(ഡേര്‍ട്ടി കോപ്) എന്നും വിളിച്ചു.

സംഭവം ഡിഎച്ച്എസും പ്രസിഡന്റിനെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ യുഎസ് സീക്രട്ട് സര്‍വീസും അന്വേഷിക്കുന്നുണ്ടെന്നും ഉചിതമായി പ്രതികരിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവി ക്രിസ്റ്റി നോം പറഞ്ഞു.

അതേസമയം, സീക്രട്ട് സര്‍വീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്. കോമി ‘യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ആഹ്വാനം ചെയ്തു’ എന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പറഞ്ഞു, ‘പ്രസിഡന്റ് ട്രംപിന്റെ ജീവന് നേരെ കോമി നടത്തിയ ഭീഷണിയെക്കുറിച്ചുള്ള സീക്രട്ട് സര്‍വീസ് അന്വേഷണത്തെ ഞങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച, പോസ്റ്റിന്റെ പേരില്‍ കോമിയെ സീക്രട്ട് സര്‍വീസ് ചോദ്യം ചെയ്തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide