
വാഷിംഗ്ടൺ: രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസെടുക്കാത്തതിന് അറ്റോർണി ജനറൽ പാo ബോണ്ടിക്കെതിരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരസ്യമായി രംഗത്തുവന്നു. ചില അന്വേഷണങ്ങളിൽ ബോണ്ടി നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് വിമർശനം ഉന്നയിച്ചത്. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ബോണ്ടിയോട് ട്രംപ് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കി.
‘ഇനിയും വൈകിക്കാനാകില്ല’
ട്രംപിന്റെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റിൽത്തന്നെ നീതിന്യായ വകുപ്പിൻ്റെ അധികാരം കൂടുതൽ ശക്തമായി ഉപയോഗിക്കാൻ ബോണ്ടിയോട് ആവശ്യപ്പെട്ടു. “പാം: ‘കഴിഞ്ഞ തവണത്തെ അതേ കഥ, വെറും സംസാരം മാത്രം, ഒരു നടപടിയുമില്ല. ഒന്നും ചെയ്യുന്നില്ല. കോമിയെയും, ആദം ‘ഷിഫ്റ്റി’ ഷിഫിനെയും, ലെറ്റിഷ്യയെയും എന്ത് ചെയ്യും??? അവരെല്ലാം കുറ്റക്കാരാണ്, പക്ഷെ ഒന്നും ചെയ്യാൻ പോകുന്നില്ല’ എന്ന് പറയുന്ന 30-ലധികം പ്രസ്താവനകളും പോസ്റ്റുകളും ഞാൻ പരിശോധിച്ചു,” ട്രംപ് കുറിച്ചു.
മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, കാലിഫോർണിയ സെനറ്റർ ആദം ഷിഫ്, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് എന്നിവരെയാണ് ട്രംപ് പരാമർശിച്ചത്. “നമുക്ക് ഇനിയും വൈകിക്കാനാകില്ല, ഇത് നമ്മുടെ പ്രതിച്ഛായയും വിശ്വാസ്യതയും ഇല്ലാതാക്കുകയാണ്,” ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് പിന്നാലെ ബോണ്ടിയെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയത് ഈ വിഷയത്തിൽ കൂടുതൽ ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്.