
ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വാര്‍ത്താ മാസികയായ ടൈം-നെ തല്ലിയും തലോടിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടൈം മാഗസിന്റെ കവര്‍ ചിത്രം തനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നും എക്കാലത്തേയും മോശം ചിത്രമാണ് കവറിലുള്ളതെന്നുമാണ് ട്രംപിന്റെ ‘തല്ല്’. എന്നാല്‍ അതിലെ ലേഖനം താരതമ്യേന കൊള്ളാമെന്നാണ് ‘തലോടല്‍’. ട്രംപിന്റെ ചിത്രം തന്നെയായിരുന്നു കവറായി ടൈം നല്‍കിയിരുന്നത്. പ്രധാന ലേഖനമാകട്ടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ചും അതില്‍ ട്രംപിന്റെ സുപ്രധാന പങ്കിനെക്കുറിച്ചുമായിരുന്നു; അതാണ് ട്രംപ് കൊള്ളാമെന്ന് പറഞ്ഞതും.
‘ഹിസ് ട്രയംഫ്’ എന്ന തലക്കെട്ടുള്ള കവറില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന് ഭംഗി പോരെന്നാണ് ട്രംപ് പറയുന്നത്. ‘അവര്‍ എന്റെ മുടി ‘അപ്രത്യക്ഷമാക്കി’, തുടര്‍ന്ന് എന്റെ തലയ്ക്ക് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഒരു കിരീടം പോലെ തോന്നിക്കുന്ന, എന്നാല്‍ വളരെ ചെറിയ ഒന്ന് ഉണ്ടായിരുന്നു. ശരിക്കും വിചിത്രം!” ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അദ്ദേഹം വിമര്‍ശിച്ചു. ലോ ആംഗിള്‍ ചിത്രങ്ങള്‍ തനിക്ക് ഒരിക്കലും ഇഷ്ടമല്ലെന്നും, ട്രംപ് വിമര്‍ശിച്ചു.
അതേസമയം, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ചും ഗാസ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്നതില്‍ താന്‍ സമീപകാലങ്ങളില്‍ നടത്തിയ നയതന്ത്ര വിജയവും എടുത്തുകാണിച്ച ലേഖനം ട്രംപിന് ഇഷ്ടമായിരുന്നു. ഇസ്രായേലിനും ഹമാസിനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും നടത്തിയ ശ്രമങ്ങളെ ലേഖനം വിശദമായി വിവരിച്ചു, ഈ കരാറിനെ ട്രംപിന്റെ രണ്ടാം ടേമിന്റെ ഒരു സവിശേഷതയായാണ് മാഗസിന്‍ വിശേഷിപ്പിച്ചത്.
ട്രംപ് ഇസ്രയേലില്‍ എത്തിയപ്പോഴാണ് ടൈം കവര്‍ പുറത്തിറക്കിയത്. ബന്ദികളുടെ മോചനത്തിനും ഘട്ടം ഘട്ടമായുള്ള പലസ്തീന്‍ തടവുകാരുടെ കൈമാറ്റത്തിനും ട്രംപിന്റെ പദ്ധതി വഴിയൊരുക്കുന്നതിനാല്‍, വെടിനിര്‍ത്തല്‍ മിഡില്‍ ഈസ്റ്റിന്റെ ഒരു ‘തന്ത്രപരമായ വഴിത്തിരിവ്’ അടയാളപ്പെടുത്തുമെന്ന് മാഗസിന്‍ കുറിച്ചു.
Trump calls Time cover ‘worst ever’; but calls Gaza story ‘relatively good’