
വാഷിംഗ്ടണ്‍ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള തന്റെ നീക്കം നിര്‍ത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. അത്തരത്തിലൊരു കൂടിക്കാഴ്ച ‘സമയം പാഴാക്കല്‍’ ആണെന്നും അതിന് തനിക്ക് താത്പര്യമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. യുക്രയ്‌നിലെ യുദ്ധം പരിഹരിക്കാനുള്ള ട്രംപിന്റെ ശ്രമത്തിലെ ഏറ്റവും പുതിയ വഴിത്തിരിവായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്നായിരുന്നു കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണു കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്.
‘പാഴായ ഒരു കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.’- ട്രംപിന്റെ വാക്കുകള്‍. ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ സമീപ ഭാവിയിൽ കൂടിക്കാഴ്ചയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
യുക്രെയ്‌നിലെ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ പുടിന്‍ നയതന്ത്രത്തില്‍ സമയം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ച യൂറോപ്യന്‍ നേതാക്കള്‍ക്ക് ട്രംപിന്റെ നീക്കം ആശ്വാസമായി മാറാന്‍ സാധ്യതയുണ്ട്.
Trump cancels meeting with Putin.














