
ദോഹ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് തുർക്കിയിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ താൻ പങ്കെടുക്കണമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ക്ഷണം പരിഗണിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
അവിടെ ഞാൻ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, അത് ഒരു സാധ്യതയാണ് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചാൽ, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് പര്യടനത്തിനിടെ തന്‍റെ ഷെഡ്യൂൾ തിരക്കേറിയതാണെന്നും അതിനാൽ തീരുമാനം അതിനെ ആശ്രയിച്ചിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച ഞാൻ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ല. നിരവധി മീറ്റിംഗുകൾ ഉണ്ട്. കാര്യങ്ങൾ നടക്കുമെന്ന് തോന്നുകയാണെങ്കിൽ, അവിടെ ഒരു സാധ്യതയുണ്ട് എന്നാണ് കരുതുന്നതെന്നാണ് ട്രംപ് പറഞ്ഞത്.












