യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം ഇത് മാത്രം, യൂറോപ്പിനോട് ഡോണൾഡ് ട്രംപ്; ‘റഷ്യൻ എണ്ണ ഇറക്കുമതി യൂറോപ്പ് നിർത്തണം’

ലണ്ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ യൂറോപ്യൻ രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണവില കുറഞ്ഞാൽ യുക്രൈനുമായുള്ള യുദ്ധം റഷ്യ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

“വളരെ ലളിതമായി പറഞ്ഞാൽ, എണ്ണവില കുറഞ്ഞാൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുദ്ധത്തിൽ നിന്ന് പിന്മാറും. അദ്ദേഹത്തിന് മറ്റ് വഴികളില്ല. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനാകും,” ട്രംപ് പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിട്ടും, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കാരണമാണ് ഉയർന്ന നികുതി ചുമത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ മാത്രമേ റഷ്യക്കെതിരെ യുഎസ് വലിയ ഉപരോധങ്ങൾ ഏർപ്പെടുത്തൂ എന്ന് ട്രംപ് കഴിഞ്ഞ ശനിയാഴ്ച അന്ത്യശാസനം നൽകിയിരുന്നു.

യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പല രാജ്യങ്ങളും റഷ്യൻ ഫോസിൽ ഇന്ധനങ്ങളും ദ്രവീകൃത പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ടെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തിരുന്നു.

ബ്രിട്ടൻ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ട്രംപ് എടുത്തുപറഞ്ഞു. കഴിഞ്ഞ മാസം പുടിനെ അലാസ്കയിലേക്ക് ക്ഷണിച്ചതിൽ ഖേദമുണ്ടോയെന്നും ട്രംപിനോട് ചോദിച്ചു. “ഇല്ല,” എന്ന് മാത്രമായിരുന്നു ട്രംപിന്റെ മറുപടി. ഈ കൂടിക്കാഴ്ച യുദ്ധത്തിന്റെ ഗതിയെ കാര്യമായി മാറ്റിയില്ലെങ്കിലും, റഷ്യക്ക് യുദ്ധമുഖത്ത് കൂടുതൽ നേട്ടങ്ങൾ ഉറപ്പിക്കാൻ സമയം നൽകിയതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide