
വാഷിംഗ്ടൺ: ഗാസയിലെ യുദ്ധം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യൂങ്ങുമായി ഓവൽ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അടുത്ത രണ്ടാഴ്ചക്കുള്ളിൽ നിങ്ങൾക്കൊരു നല്ല, നിർണായകമായ അവസാനം കാണാം,” ട്രംപ് പറഞ്ഞു. “ഇതൊരു കഠിനമായ കാര്യമാണ്, കാരണം അവർ ആയിരക്കണക്കിന് വർഷങ്ങളായി പോരാടുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇത് അവസാനിക്കേണ്ടതുണ്ട്. പക്ഷെ ഒക്ടോബർ 7-നെ ആളുകൾക്ക് മറക്കാനും കഴിയില്ല,” ട്രംപ് പറഞ്ഞു.
ഗാസയിൽ ഇപ്പോഴും തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും, മാനുഷികവും ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ഭക്ഷ്യസഹായം നൽകാനും യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നടത്തുന്ന ശ്രമങ്ങളെയും ട്രംപ് ചൂണ്ടിക്കാട്ടി.