
വാഷിംഗ്ടൺ: അടുത്ത ആഴ്ച റഷ്യയിലേക്ക് തന്‍റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് സന്ദർശനം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചു. യുഎസ് ഉപരോധ സമയപരിധി അടുത്തുവരുന്നതും മോസ്കോയുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കവും കണക്കിലെടുത്താണ് ഈ നീക്കം. മുൻ റഷ്യൻ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവുമായി ഓൺലൈനിൽ നടന്ന വാക്കുതർക്കത്തിന് ശേഷം താൻ വിന്യസിച്ച രണ്ട് ആണവ അന്തർവാഹിനികൾ ഇപ്പോൾ മേഖലയിൽ ഉണ്ടെന്നും മാധ്യമപ്രവർത്തകരുമായി സംസാരിച്ച ട്രംപ് വ്യക്തമാക്കി.
ആണവോർജ്ജം ഉപയോഗിക്കുന്ന അന്തർവാഹിനികളെയാണോ അതോ ആണവായുധം വഹിക്കുന്ന അന്തർവാഹിനികളെയാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസ് സൈന്യം രഹസ്യമായി സൂക്ഷിക്കുന്ന കൃത്യമായ വിന്യാസ സ്ഥലങ്ങളെക്കുറിച്ചും അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യക്തമാക്കാത്ത പുതിയ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് അടുത്ത ആഴ്ചാവസാനം വരെയാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. ഈ സമയപരിധിക്ക് മുന്നോടിയായാണ് ആണവ ഭീഷണി ഉയർത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനം.