
ഗ്യോങ്ജു, ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. സമയപരിമിതിയാണ് ഇതിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. കൊറിയൻ പെനിൻസുലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള തന്‍റെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങുമായി ഗ്യോങ്ജുവിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“കിം ജോങ് ഉന്നിനെ എനിക്ക് നന്നായറിയാം. ഞങ്ങൾ നല്ല ബന്ധത്തിലാണ്. പക്ഷെ, കൂടിക്കാഴ്ചയ്ക്കുള്ള സമയം ക്രമീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പ്രസിഡന്‍റ് ഷീ ജിൻപിങ് നാളെ എത്തുന്നുണ്ട്, അത് ലോകത്തിന്, നമുക്കെല്ലാവർക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്,” ട്രംപ് പറഞ്ഞു. ചൈനീസ് നേതാവ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് ഈ സന്ദർശനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് ട്രംപ് വ്യക്തമാക്കി.
“അദ്ദേഹത്തെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതാണ് ഈ സന്ദർശനത്തിലെ ഞങ്ങളുടെ പ്രധാന ശ്രദ്ധ. പക്ഷെ, ഞങ്ങൾക്ക് മറ്റ് കൂടിക്കാഴ്ചകൾ ഉണ്ടാകും. കിം ജോങ് ഉന്നുമായും എല്ലാവരുമായും കാര്യങ്ങൾ നേരെയാക്കാൻ ഞങ്ങൾ കഠിനമായി പ്രയത്നിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. കിമ്മുമായി കൂടിക്കാഴ്ച നടത്താൻ സന്ദർശനം നീട്ടാൻ തയ്യാറാണെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനൊപ്പവും അദ്ദേഹത്തിന്‍റെ ടീമിനൊപ്പവും ഈ വിഷയത്തിൽ കഠിനമായി പ്രവർത്തിക്കും എന്ന് ട്രംപ് ഉറപ്പുനൽകി.













