അമേരിക്കയ്ക്ക് അഭിമാനമുണ്ടെന്ന് ട്രംപ്, തായ്‌ലൻഡ്-കംബോഡിയ വെടിനിർത്തൽ: ഭരണാധികാരികളെ അഭിനന്ദിച്ച് പ്രസിഡൻ്റ്

വാഷിംഗ്ടൺ: ആഴ്ചകളായി തുടരുന്ന അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തിയ തായ്‌ലൻഡ്, കംബോഡിയ ഭരണാധികാരികളെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടിയെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചത്. ഡിസംബർ 27-ന് ഒപ്പുവെച്ച കരാർ പ്രകാരം അതിർത്തിയിലെ വെടിവെപ്പ് ഉടനടി നിർത്തലാക്കാനും സൈനിക നീക്കങ്ങൾ മരവിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇരുരാജ്യങ്ങളും തങ്ങൾ നേരത്തെ അംഗീകരിച്ച സമാധാന ഉടമ്പടിയിലേക്ക് മടങ്ങുകയാണെന്ന് ട്രംപ് അറിയിച്ചു. “വേഗത്തിലുള്ളതും നിർണ്ണായകവുമായ” തീരുമാനമെടുത്ത ഭരണാധികാരികളുടെ ബുദ്ധിശക്തിയെ അദ്ദേഹം അഭിനന്ദിച്ചു.

ഈ സമാധാന ശ്രമങ്ങളിൽ സഹായിക്കാൻ സാധിച്ചതിൽ അമേരിക്കയ്ക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുലും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തമ്മിലുള്ള ഈ ധാരണയിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും നിർണ്ണായക പങ്ക് വഹിച്ചു. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയമാണെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഐക്യരാഷ്ട്രസഭ ഒരു സഹായവുമില്ലാത്ത അവസ്ഥയിലാണെന്നും ലോകസമാധാനത്തിനായി അവർ കൂടുതൽ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തായ്‌ലൻഡും കംബോഡിയയും തമ്മിൽ നൂറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കമാണിത്. അതിർത്തിയിലെ പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാകാറുള്ളത്. ഈ ഡിസംബറിൽ വീണ്ടും രൂക്ഷമായ പോരാട്ടത്തിൽ ഏകദേശം നൂറോളം പേർ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം സാധാരണക്കാർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. നിലവിലെ കരാർ പ്രകാരം പലായനം ചെയ്തവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide