
വാഷിംഗ്ടൺ: അമേരിക്കയിൽ ‘സോക്കർ’ എന്ന പേര് മാറ്റി ‘ഫുട്ബോൾ’ എന്നാക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിറക്കുന്ന കാര്യം പരിഗണിച്ച് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജൂലൈ 13ന് ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ സ്ട്രീമിംഗ് ചാനലായ DAZN ടിവിയോടാണ് ട്രംപ് ഈ സാധ്യതയെക്കുറിച്ച് സംസാരിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ‘ഫുട്ബോൾ’ എന്ന് വിളിക്കപ്പെടുന്ന കായികവിനോദത്തിന് അമേരിക്കയിൽ നിലവിലുള്ള പേര് മാറ്റാനാണ് അദ്ദേഹം ആലോചിക്കുന്നത്.
ജൂലൈ 14ന് പുറത്തുവിട്ട അഭിമുഖത്തിൽ, ‘ഞാൻ കരുതുന്നു നമുക്കത് ചെയ്യാൻ കഴിയുമെന്ന്, എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന്’ ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞു. അവർ അതിനെ ‘ഫുട്ബോൾ’ എന്ന് വിളിക്കുന്നു, പക്ഷേ നമ്മൾ ‘സോക്കർ’ എന്ന് വിളിക്കുന്നു. എന്നാൽ ഈ മാറ്റം വളരെ എളുപ്പത്തിൽ വരുത്താൻ കഴിയും ട്രംപ് കൂട്ടിച്ചേർത്തു.
പേര് മാറ്റങ്ങളിൽ ട്രംപ് പുതിയ ആളല്ല. ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് മാറ്റാൻ അദ്ദേഹം മുമ്പ് ഉത്തരവിട്ടിരുന്നു. തുടർന്ന് സ്വകാര്യ മാപ്പ് നിർമ്മാതാക്കളെയും ഇത് പിന്തുടരാൻ സമ്മർദ്ദം ചെലുത്തി. യൂറോപ്പിലും ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ഈ കായികവിനോദം ‘ഫുട്ബോൾ’ എന്നാണ് അറിയപ്പെടുന്നത്. അതേസമയം യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇതിനെ ‘സോക്കർ’ എന്ന് വിളിക്കുന്നു. അമേരിക്കൻ ദേശീയ ടീമുകൾക്കും അവരുടെ ആരാധകർക്കും ‘സോക്കർ’ എന്ന വിളിപ്പേര് ഒരു വെല്ലുവിളിയുടെ പ്രതീകമാണ്. 2022 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ യുഎസ് ആരാധകർ ‘ഇറ്റ്സ് കാൾഡ് സോക്കർ’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.