ബുദ്ധിമുട്ടുള്ള രാജ്യം, വിവാദ പരസ്യത്തിന്‍റെ പേരിൽ ശരിക്കും ഉടക്കിട്ട് ട്രംപ്; കനേഡിയൻ പ്രധാനമന്ത്രിയെ കാണാൻ താത്പര്യമില്ലെന്ന് തുറന്നടിച്ചു

വാഷിംഗ്ടൺ: യുഎസിന്‍റെ വടക്കൻ അയൽരാജ്യമായ കാനഡയുമായി തുടരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിൽ, കാനഡയ്ക്ക് മേൽ പുതുതായി ഭീഷണിപ്പെടുത്തിയ താരിഫ് (ചുങ്കം) എപ്പോൾ നിലവിൽ വരുമെന്ന് പറയാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിസമ്മതിച്ചു. മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗന്‍റെ 1987-ലെ താരിഫ് വിരുദ്ധ പ്രസംഗത്തിന്‍റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പരസ്യത്തിന്‍റെ പേരിൽ കാനഡയുടെ താരിഫ് 10 ശതമാനം വർദ്ധിപ്പിക്കുമെന്ന് ട്രംപ് ഈ വാരാന്ത്യത്തിൽ പറഞ്ഞിരുന്നു.

“അവരെ ഞങ്ങൾ വിവരമറിയിക്കും,” താരിഫ് എപ്പോൾ നടപ്പാക്കുമെന്ന് ചോദിച്ചപ്പോൾ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാനഡയെ അദ്ദേഹം ബുദ്ധിമുട്ടുള്ള രാജ്യം എന്നും വിശേഷിപ്പിച്ചു. കാനഡ സർക്കാർ പണം കൊടുത്ത് യുഎസിലെ പ്രധാന ടെലിവിഷൻ നെറ്റ്‌വർക്കുകളിൽ പ്രക്ഷേപണം ചെയ്ത ഈ പരസ്യത്തെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു എന്ന് ട്രംപ് ആരോപിച്ചു.

“അത് പ്രവിശ്യയുടേതായാലും കാനഡയുടേതായാലും, പരസ്യം എന്തായിരുന്നുവെന്ന് അവർക്കെല്ലാം കൃത്യമായി അറിയാമായിരുന്നു. പ്രധാനമന്ത്രിക്കും എല്ലാവർക്കും അറിയാമായിരുന്നു,” ഏഷ്യൻ പര്യടനത്തിനിടെ ജപ്പാനിലേക്ക് പോവുന്നതിനായി എയർഫോഴ്‌സ് വണ്ണിൽ വെച്ച് ട്രംപ് പറഞ്ഞു. കാർണിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറുണ്ടോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നൽകി. തനിക്ക് അദ്ദേഹത്തെ കാണാൻ താൽപര്യമില്ല, ഇല്ല. കുറച്ച് കാലത്തേക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ പോകുന്നില്ല എന്നായിരുന്നു ട്രംപിന്‍റെ മറുപടി.

More Stories from this section

family-dental
witywide