
വാഷിംഗ്ടൺ: താങ്ക്സ് ഗിവിംഗ് ആഘോഷങ്ങൾക്കു മുന്നോടിയായി വൈറ്റ് ഹൌസിൽ നടന്ന ‘ടർക്കിക്ക് മാപ്പു കൊടുക്കുന്ന’ ചടങ്ങിനിടെ ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറെ ക്രൂരമായി പരിഹസിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പ്രിറ്റ്‌സ്‌കറുടെ ശരീര ഭാരത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം “വലിയ, തടിച്ച മടിയനായ വ്യക്തിയാണെന്നായിരുന്നു ട്രംപിൻ്റെ പരിഹാസം.
ഇല്ലിനോയി സംസ്ഥാനത്തെ ഗവർണറായ പ്രിറ്റ്സ്കറെ വിമർശിക്കുന്നതിനൊപ്പം ഇവിടുത്തെ വലിയ നഗരമായ ഷിക്കാഗോയെക്കുറിച്ചും ട്രംപ് പരാമർശിച്ചു. “അദ്ദേഹം നമ്മളെ ക്ഷണിച്ച് പറയണം, ‘ദയവായി ഷിക്കാഗോ സുരക്ഷിതമാക്കൂ’ എന്ന്. നമ്മൾ അത് വേഗത്തിൽ ചെയ്തില്ലെങ്കിൽ നമുക്ക് ഒരു വലിയ നഗരം നഷ്ടപ്പെടും,” ട്രംപ് പറഞ്ഞു.
മിനിറ്റുകൾക്ക് ശേഷം, ട്രംപ് തന്റെ പരാമർശങ്ങളിൽ പ്രിറ്റ്‌സ്‌കറെ നിഷ്കരുണം ട്രോളുകയായിരുന്നു. ” പ്രിറ്റ്‌സ്‌കറിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ദേഷ്യം വരും, കാരണം അദ്ദേഹം ഞങ്ങളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. അവർക്ക് വളരെ ഭംഗിയുള്ള ഒരു ചെറിയ പ്രിറ്റ്‌സ്‌കർ തമാശയുണ്ട് – ചില പ്രസംഗകർ അദ്ദേഹത്തിന്റെ ഭാരത്തെക്കുറിച്ച് ചില തമാശകൾ എഴുതി. പക്ഷേ ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ ഭാരത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ തടിച്ചിരിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നില്ല. അദ്ദേഹം ഒരു തടിച്ച മടിയനാണെന്ന് പറയാൻ ഞാൻ വിസമ്മതിക്കുന്നു, ഞാൻ അത് പരാമർശിക്കുന്നില്ല,” ട്രംപ് പരിഹസിച്ചുകൊണ്ട് തുടർന്നു. ” എനിക്കും കുറച്ച് പൗണ്ട് കുറയ്ക്കണം. താങ്ക്സ്ഗിവിംഗിൽ ഞാൻ അത് കുറയ്ക്കാൻ പോകുന്നില്ല,” അദ്ദേഹം പരിഹസിച്ചു.
പ്രിറ്റ്‌സ്‌കറുടെ വണ്ണത്തെക്കുറിച്ച് ട്രംപ് അഭിപ്രായം പറയുന്നത് ഇതാദ്യമല്ല. ഓഗസ്റ്റിൽ, ഡെമോക്രാറ്റായ ഗവർണർ “ജിമ്മിൽ കൂടുതൽ സമയം ചെലവഴിക്കണം” എന്ന് ഉപദേശ രൂപേണ നേരത്തെയും ട്രംപ് പരിഹസിച്ചിട്ടുണ്ട്.
Trump cruelly mocks Illinois Governor J.B. Pritzker for being fat











