നടത്തിയത് അതിബൃഹത്തും കൃത്യവുമായ ഓപ്പറേഷൻ! ഇറാനിലെ യു എസ് ആക്രമണം വിജയമെന്ന് ആവർത്തിച്ച് ട്രംപ്

ഹേഗ്: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ വിജയമെന്ന് ആവർത്തിച്ച് യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നെതർലൻഡ്‌സിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമുള്ള  വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ വാരാന്ത്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിൽ അതിബൃഹത്തായതും കൃത്യവുമായ ഒരു ആക്രമണം വിജയകരമായി നടത്തി. അത് വളരെ വളരെ വിജയകരമായിരുന്നു,” ട്രംപ് പറഞ്ഞു. ഈ ആക്രമണം ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് എങ്ങനെയാണ് “അമേരിക്കൻ പ്രതിരോധത്തിന്റെ വിശ്വാസ്യത വീണ്ടെടുത്തത്” എന്നതിന് ഒരു ഉദാഹരണമായും അദ്ദേഹം ഈ സൈനിക നടപടിയെ വിശേഷിപ്പിച്ചു. “അതുപോലെ മറ്റൊന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകത്ത് സമാധാനം ഉറപ്പാക്കാൻ അമേരിക്കയ്ക്ക് ആവശ്യമുള്ളപ്പോൾ നടപടിയെടുക്കേണ്ടതുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു. ഹേഗിൽ നടന്ന ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ലോകത്ത് മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല. അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു റൂട്ടെയുടെ മറുപടി.
“നിങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയുടെ 25 ശതമാനം ആണ്, നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ്,” ഇന്നത്തെ വാർത്താസമ്മേളനത്തിൽ റുട്ടെ പറഞ്ഞു.

More Stories from this section

family-dental
witywide