
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമാകുമ്പോഴും സൂസി വൈൽസിനെ തള്ളിപ്പറയാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തനിക്ക് ഒരു ‘മദ്യപാനിയുടെ സ്വഭാവമാണ്’ ഉള്ളതെന്ന വൈൽസിന്റെ പ്രസ്താവനയിൽ തനിക്ക് യാതൊരു അതൃപ്തിയുമില്ലെന്നും അവർ ശരിയായ കാര്യമാണ് പറഞ്ഞതെന്നും ‘ന്യൂയോർക്ക് പോസ്റ്റ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. സൂസി വൈൽസിലുള്ള തന്റെ പൂർണ്ണമായ വിശ്വാസം അദ്ദേഹം ഈ അവസരത്തിൽ ആവർത്തിക്കുകയും ചെയ്തു.
താൻ മദ്യപിക്കുന്ന വ്യക്തിയല്ലെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ താൻ മദ്യപിക്കുമായിരുന്നുവെങ്കിൽ ഒരുപക്ഷേ അതിന് അടിമപ്പെടുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. “എന്‍റേത് എന്തിനോടും വേഗത്തിൽ ആസക്തി തോന്നുന്ന തരത്തിലുള്ള ഒരു വ്യക്തിത്വമാണ്. ഞാൻ ഇത് മുൻപും പലതവണ സ്വയം പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സൂസി പറഞ്ഞ വാക്കുകളിൽ എനിക്ക് പ്രകോപനമൊന്നും തോന്നിയിട്ടില്ല,” ട്രംപ് വിശദീകരിച്ചു. തന്‍റെ സ്വഭാവം ഏതൊരു കാര്യത്തിലും അമിതമായ അഭിനിവേശം പുലർത്തുന്നതാണെന്നും അതുകൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കിയത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാനിറ്റി ഫെയർ മാഗസിനിൽ വന്ന റിപ്പോർട്ട് താൻ പൂർണ്ണമായി വായിച്ചിട്ടില്ലെന്നും എന്നാൽ അതിലെ വസ്തുതകൾ തെറ്റാണെന്ന് താൻ കേട്ടതായും ട്രംപ് പറഞ്ഞു. അഭിമുഖം നടത്തിയ വ്യക്തി തെറ്റായ ഉദ്ദേശ്യത്തോടെ കാര്യങ്ങളെ വളച്ചൊടിക്കാൻ ശ്രമിച്ചതായാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്‍റെ ഭരണകൂടത്തിനുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞ ട്രംപ്, സൂസി വൈൽസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും വ്യക്തമാക്കി.














