
വാഷിംഗ്ടണ്‍: സർക്കാർ ഭരണസ്തംഭനം കാരണം ജോലിക്ക് ഹാജരാകാത്ത എല്ലാ എയർ ട്രാഫിക് കൺട്രോളർമാർക്കും മുന്നറിയിപ്പുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “ഇപ്പോൾ തന്നെ ജോലിക്ക് തിരികെ വരണം” എന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. ജോലിക്ക് വരാത്തവർ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും, ഷട്ട്ഡൗൺ കാലയളവിൽ ജോലി ചെയ്തവർക്ക് ബോണസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“ആരെങ്കിലും ജോലിക്ക് വരാതിരുന്നാൽ അവരുടെ ശമ്പളത്തിൽ ഗണ്യമായ കുറവുണ്ടാകും. ‘ഡെമോക്രാറ്റ് ഷട്ട്ഡൗൺ തട്ടിപ്പ്’ കാരണം ഒരു അവധിയും എടുക്കാതെ മഹത്തായ ദേശസ്നേഹികളായി ജോലി ചെയ്ത എയർ ട്രാഫിക് കൺട്രോളർമാർക്ക്, രാജ്യത്തിന് നൽകിയ വിശിഷ്ട സേവനത്തിന് ഒരാൾക്ക് 10,000 ഡോളര്‍ ബോണസ് നൽകാൻ ഞാൻ ശുപാർശ ചെയ്യും,” ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ജോലി ചെയ്യാത്തവർക്ക് തന്‍റെ മനസിലെങ്കിലും, അവരുടെ റെക്കോർഡിൽ ഒരു നെഗറ്റീവ് മാർക്ക് ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷട്ട്ഡൗൺ തുടങ്ങിയതിന് ശേഷം എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ഏറ്റവും മോശമായ വാരാന്ത്യമായിരുന്നു കഴിഞ്ഞുപോയത്. ഭരണസ്തംഭനം അവസാനിപ്പിക്കാൻ സാധ്യതയുള്ള ഒരു കരാർ നിലവിലുണ്ടെങ്കിലും, ജീവനക്കാരുടെ കുറവ് കാരണം തിങ്കളാഴ്ച രാവിലെയും വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുണ്ട്. ഷട്ട്ഡൗൺ സമയത്തും കൺട്രോളർമാർ ജോലിക്ക് ഹാജരാകേണ്ടതുണ്ടെങ്കിലും അവർക്ക് ശമ്പളം ലഭിക്കുന്നില്ല.
ചില കൺട്രോളർമാർ ജീവിതച്ചെലവുകൾക്കായി രണ്ടാമതൊരു ജോലി തേടുന്നത് പരിഗണിക്കുന്നുണ്ടെന്ന് ട്രംപിൻ്റെ ഗതാഗത സെക്രട്ടറി ഷോൺ ഡഫി നേരത്തെ പറഞ്ഞിരുന്നു. ബില്ലുകൾ അടയ്ക്കുന്നതിനായി ഊബർ പോലുള്ള റൈഡ്ഷെയർ കമ്പനികൾക്ക് വേണ്ടി വണ്ടിയോടിക്കുകയോ ഡോർഡാഷ് വഴി ഭക്ഷണം വിതരണം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് കൺട്രോളർമാർ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.















