
വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തിന് ശേഷം തനിക്ക് നേരെ ഭീഷണികൾ വർധിച്ചതിനെക്കുറിച്ച് കോൺഗ്രസ് വനിതയായ മാർജോറി ടെയ്‍ലർ ഗ്രീൻ ആശങ്കയറിയിച്ചതിന് പിന്നാലെ, അവരുടെ സുരക്ഷയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചു ട്രംപ്. “അവരുടെ ജീവൻ അപകടത്തിലാണെന്ന് ഞാൻ കരുതുന്നില്ല. … സത്യം പറഞ്ഞാൽ, ആർക്കും അവരെക്കുറിച്ച് ശ്രദ്ധയുണ്ടെന്ന് ഞാൻ കരുതുന്നില്ല,” ഫ്ലോറിഡയിൽ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങുന്ന വഴി ട്രംപ് റിപ്പോർട്ടർമാരോട് പറഞ്ഞു. ജോർജിയൻ റിപ്പബ്ലിക്കൻ നേതാവിനെ അദ്ദേഹം മാർജോറി ‘രാജ്യദ്രോഹി’ ഗ്രീൻ എന്നാണ് വിശേഷിപ്പിച്ചത്.
തനിക്ക് നേരെ ട്രംപ് ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ഗ്രീൻ ഇന്ന് രാവിലെ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ ഈ അഭിപ്രായം വന്നത്. “(ട്രംപ്) പറഞ്ഞതിൽ ഏറ്റവും വേദനിപ്പിച്ചത്, അത് തികച്ചും അസത്യമാണ്, അദ്ദേഹം എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചു എന്നതാണ്. അത് അങ്ങേയറ്റം തെറ്റാണ്,” ഗ്രീൻ പറഞ്ഞു. “ഇത്തരം വാക്കുകൾ എന്നെ എതിർക്കുന്നവരെ പ്രകോപിപ്പിക്കാനും എന്‍റെ ജീവന് അപകടമുണ്ടാക്കാനും സാധ്യതയുണ്ട്.” എന്ന് ഗ്രീൻ പറഞ്ഞു. ട്രംപിന്‍റെ ന്യായീകരിക്കാത്തതും ദുഷ്ടവുമായ ആക്രമണങ്ങൾ തനിക്കെതിരെ ഗുരുതരമായ ആക്രമണങ്ങൾക്ക് വഴിവെച്ചേക്കാവുന്ന അപകടകാരികളായ റാഡിക്കലുകൾക്ക് നൽകുന്ന ഒരു സൂചനയാണെന്ന് ഗ്രീൻ അടുത്തിടെ എക്സിൽ കുറിച്ചിരുന്നു.












