
വാഷിംഗ്ടൺ: യുഎസിൽ ജനിക്കുന്നവർക്ക് ജന്മനാ ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കാനുള്ള തന്‍റെ നീക്കം ഭരണഘടനാപരമാണോ എന്ന് സുപ്രീം കോടതി തീരുമാനിക്കാൻ സമ്മതിച്ചതിന് തൊട്ടുപിന്നാലെ, കേസിൽ വിജയിച്ചാൽ യുഎസിൽ ജനിച്ചവരുടെ പൗരത്വം റദ്ദാക്കാൻ ശ്രമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിസമ്മതിച്ചു. എന്നാൽ, കേസിൽ പരാജയപ്പെട്ടാൽ അത് രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊളിറ്റിക്കോക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ ഈ പ്രതികരണം. മാതാപിതാക്കളുടെ പശ്ചാത്തലം പരിഗണിക്കാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വത്തിന് അർഹതയുണ്ട് എന്ന തത്വമാണ് ജന്മനാ പൗരത്വം. 1868-ൽ അംഗീകരിച്ച ഭരണഘടനയുടെ 14-ാം ഭേദഗഗതിയാണ് ഇത് ഉറപ്പാക്കുന്നത്. കേസിൽ വിജയിച്ചാൽ, യുഎസിൽ ജനിച്ചവരുടെ പൗരത്വം എടുത്തുകളയാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന്, സത്യം പറഞ്ഞാൽ, ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഈ തത്വം യഥാർത്ഥത്തിൽ അടിമകളുടെ കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു എന്നും സിവിൽ വാറുമായി ബന്ധപ്പെട്ടതായിരുന്നു എന്നും അദ്ദേഹം വാദിച്ചു.
“സമ്പന്നനായ ഒരാൾ മറ്റൊരു രാജ്യത്ത് നിന്ന് വന്ന്, നമ്മുടെ രാജ്യത്ത് കാൽ വെച്ച ഉടനെ അവരുടെ മുഴുവൻ കുടുംബവും യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരന്മാരായി മാറുന്നതിന് വേണ്ടിയുള്ളതായിരുന്നില്ല ആ വ്യവസ്ഥ,” ട്രംപ് പറഞ്ഞു. നേരത്തെ, ഇലോൺ മസ്‌ക്, റോസി ഓ’ഡോണൽ, സൊഹ്റാൻ മംദാനി തുടങ്ങിയ തനിക്കെതിരെ നിലപാടെടുത്ത ചില വ്യക്തികളുടെ പൗരത്വം അപകടത്തിലായേക്കാം എന്ന് സൂചിപ്പിക്കുന്ന അഭിപ്രായങ്ങൾ പ്രസിഡന്‍റ് പ്രകടിപ്പിച്ചിരുന്നു.















