
വാഷിംഗ്ടൺ: അമേരിക്കയിൽ 17 ഇമിഗ്രേഷൻ കോടതി ജഡ്ജിമാരെ നീതിന്യായ വകുപ്പ് പിരിച്ചുവിട്ടതായി അവരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. ട്രംപ് ഭരണകൂടം രാജ്യത്തുള്ള കുടിയേറ്റക്കാരെ അതിവേഗം തടഞ്ഞുവെക്കാനും നാടുകടത്താനും ശ്രമിക്കുന്നതിനിടെയാണ് ഈ നടപടി. ജൂലൈ 11ന് 15 ജഡ്ജിമാരെയും ജൂലൈ 14ന് രണ്ട് പേരെയും ഉൾപ്പെടെ ആകെ 17 ജഡ്ജിമാരെയാണ് പിരിച്ചുവിട്ടത്. കാലിഫോർണിയ, ലൂസിയാന, ന്യൂയോർക്ക്, ടെക്സസ് ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ ഫെഡറൽ കോടതികളിലെ ജഡ്ജിമാരാണ് ഇവർ. ഇമിഗ്രേഷൻ ജഡ്ജിമാരെ പ്രതിനിധീകരിക്കുന്ന ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ എഞ്ചിനീയേഴ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
ഇത് അസംബന്ധമാണെന്ന് യൂണിയൻ പ്രസിഡന്‍റ് മാറ്റ് ബിഗ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിടുന്നത് നിർത്തി നിയമനം തുടങ്ങുകയാണ് വേണ്ടത്. യാതൊരു കാരണവും കൂടാതെയാണ് 17 പേരെയും പിരിച്ചുവിട്ടതെന്ന് യൂണിയൻ വക്താവ് അറിയിച്ചു. നീതിന്യായ വകുപ്പിന്‍റെ എക്സിക്യൂട്ടീവ് ഓഫീസ് ഫോർ ഇമിഗ്രേഷൻ റിവ്യൂവിന് കീഴിൽ ഏകദേശം 600 ജഡ്ജിമാർ ഇപ്പോഴും ഉണ്ടെന്നും ബിഗ്സ് കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഓഫീസ് ഫോർ ഇമിഗ്രേഷൻ റിവ്യൂവിന്‍റെ വക്താവ് ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. കുടിയേറ്റ നയങ്ങളിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത നിലപാടുകളുടെ പ്രതിഫലനമാണ് ഈ പിരിച്ചുവിടലുകൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.