ട്രംപ് എഫക്ട്! 37,000ൽ കിടന്നത് ഒറ്റയടിക്ക് 80,000 ആയി; നെട്ടോട്ടമോടി പ്രവാസികൾ, വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ എച്ച്1ബി വിസ ഫീസ് വർധന ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഫീസ് 100,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) വർദ്ധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. പുതിയ നിയമം ഇന്നലെ പ്രാബല്യത്തിൽ വന്നതോടെ, നാട്ടിലുള്ള ജീവനക്കാരോട് എത്രയും വേഗം അമേരിക്കയിലേക്ക് മടങ്ങാൻ ഐടി കമ്പനികൾ ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങളിൽ പ്രതിസന്ധി

ഫീസ് വർധനയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നു. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയിൽ നിന്ന് 70,000-80,000 രൂപയായി വർധിച്ചു. എച്ച്1ബി വിസക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു. പലരും അവധിക്കാല യാത്രകൾ റദ്ദാക്കി.

ദുർഗാപൂജ ആഘോഷിക്കാനായി നാട്ടിലേക്ക് പോകാൻ വിമാനത്താവളങ്ങളിൽ എത്തിയ പലരും യാത്ര റദ്ദാക്കി യുഎസിലേക്ക് മടങ്ങാൻ ശ്രമിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി. ചില വിമാനത്താവളങ്ങളിൽ യാത്രക്കാർ തിരിച്ച് ഇറങ്ങണമെന്ന് നിർബന്ധം പിടിച്ചതിനെ തുടർന്ന് വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സ് വിമാനം മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്. ദുബായിലും മറ്റ് ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

എന്താണ് പുതിയ നിയമം?

സെപ്റ്റംബർ 21 മുതൽ എച്ച്-1ബി വിസയുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ സ്പോൺസർ ചെയ്യുന്ന കമ്പനി 100,000 ഡോളർ ഫീസ് അടക്കണം. ഇന്ത്യക്കാർക്കാണ് ഈ നീക്കം ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്, കാരണം എച്ച്-1ബി വിസയുള്ളവരിൽ ഏകദേശം 70% പേരും ഇന്ത്യക്കാരാണ്. ട്രംപ് ഭരണകൂടത്തിൻ്റെ ഈ അപ്രതീക്ഷിത നീക്കം ഇന്ത്യൻ ടെക് സമൂഹത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide