
വാഷിംഗ്ടണ്‍ : 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തിയ ശേഷം ഡോണള്‍ഡ് ട്രംപിനുവേണ്ടി പിന്മാറ്റം നടത്തിയയാളായിരുന്നു സംരംഭകനായ വിവേക് രാമസ്വാമി. ഇന്ത്യന്‍ വംശജനായ വിവേകിനെ ട്രംപ് പിന്നീട് ചേര്‍ത്തുനിര്‍ത്തുകയും അധികാരത്തിലേറിയപ്പോള്‍ ഡോജ് (DOGE) വകുപ്പില്‍ നിര്‍ണായക ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് രാമസ്വാമി ഡോജിലെ അധികാരം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ 2026 ലെ ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് വിവേക് രാമസ്വാമി. ട്രംപ് വിവേകിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചുകഴിഞ്ഞു.
ഒഹായോയെ താന്‍ ”സ്‌നേഹിച്ച” ഒരു സംസ്ഥാനമാണെന്നും ”മൂന്ന് തവണ വലിയ വിജയം നേടി” എന്നും വിശേഷിപ്പിച്ച ട്രംപ് രാമസ്വാമിക്കായി റിപ്പബ്ലിക്കന്‍മാര്‍ ഒന്നിച്ചുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. വിവേകിന്റെ വ്യക്തിത്വത്തെയും പശ്ചാത്തലത്തെയും നയ അജണ്ടയെയും പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപ് പിന്തുണ അറിയിച്ചത്.
”2016, 2020, 2024 വര്‍ഷങ്ങളില്‍ ഞാന്‍ സ്‌നേഹിക്കുകയും മൂന്ന് തവണ വലിയ വിജയം നേടുകയും ചെയ്ത ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് ഒഹായോയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിവേക് രാമസ്വാമി മത്സരിക്കുന്നു! വിവേകിനെ എനിക്കറിയാം, അദ്ദേഹത്തിനെതിരെ മത്സരിച്ചു, അദ്ദേഹം പ്രത്യേകതയുള്ള ആളാണ്, അദ്ദേഹം ചെറുപ്പവും ശക്തനും മിടുക്കനുമാണ്! വിവേക് വളരെ നല്ല വ്യക്തി കൂടിയാണ്, നമ്മുടെ രാജ്യത്തെ ശരിക്കും സ്‌നേഹിക്കുന്നു.”- ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
ഫോബ്‌സ് മാഗസിന്റെ അണ്ടര്‍ 30, അണ്ടര്‍ 40 ശതകോടീശ്വര സംരംഭപ്പട്ടികയില്‍ ഇടംപിടിച്ച വിവേക് രാമസ്വാമിയുടെ ആസ്തി 100 കോടി ഡോളറിന് മുകളിലാണ് (ഏകദേശം 8,400 കോടി രൂപ). 2014ല്‍ അദ്ദേഹം സ്ഥാപിച്ച റോയ്‌വന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനിയാണ് പ്രധാന വരുമാനസ്രോതസ്സ്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛന്‍. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. ഭാര്യ ഉത്തര്‍പ്രദേശ് സ്വദേശി അപൂര്‍വ തിവാരി.
Trump endorses Vivek Ramaswamy in Ohio governor race.













