
വാഷിംഗ്ടണ്‍: ഗാസയിലെ ആശുപത്രി കെട്ടിടം ആക്രമിച്ച് അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ 21 പേരുടെ ജീവനെടുത്ത ഇസ്രയേല്‍ നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ ആക്രമണത്തില്‍ താന്‍ ഒട്ടും സന്തോഷവാനല്ലെന്നും ആശുപത്രി ആക്രമണത്തെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി. ‘എനിക്ക് അതില്‍ സന്തോഷമില്ല. എനിക്ക് അത് കാണാന്‍ താല്‍പര്യമില്ല. അതേസമയം, നമ്മള്‍ ആ പേടിസ്വപ്നം അവസാനിപ്പിക്കണം. ഞാനാണ് ബന്ദികളെ പുറത്തിറക്കിയത്.’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് നേരെയാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടര്‍ മറിയം അബു ദഗ്ഗ, അല്‍ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ കാമറമാന്‍ ഹുസം അല്‍ മസ്‌റി, മുവാസ് അബു താഹ, അഹ്‌മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഹതം ഖലീദിനു പരിക്കേല്‍ക്കുകയും ചെയ്തു.
ഈ ആക്രമണത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നത് കാണാം. ആശുപത്രിയുടെ നാലാം നിലയിലാണ് മിസൈല്‍ പതിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടാകുകയായിരുന്നു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.