അന്ന് സെലെന്‍സ്‌കിയോട് കയര്‍ത്തു, ഇന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനോടും; രാജ്യത്തെ വെള്ളക്കാരെ വംശഹത്യചെയ്യുന്നുവെന്ന് തെറ്റായ അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സൗഹൃദപരമായ ഒരു കൂടിക്കാഴ്ചയില്‍ ട്രംപ് അല്‍പം പരുക്കനായാണ് പെരുമാറിയത്. ദക്ഷിണാഫ്രിക്കയില്‍ രാജ്യത്തെ വെള്ളക്കാരായ കര്‍ഷകര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നു എന്ന അവകാശവാദവുമായാണ് ട്രംപ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയെ പ്രതിരോധത്തിലാക്കിയത്.

ദക്ഷിണാഫ്രിക്കയെ അസ്വസ്ഥമാക്കിയ ഒരു നീക്കമായ 60 ഓളം ആഫ്രിക്കക്കാര്‍ക്ക് യുഎസ് അഭയം നല്‍കിയതിന് ഒരാഴ്ചയ്ക്ക് ശേഷം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചു.

ഇരു നേതാക്കളും പങ്കെടുത്ത ഒരു തത്സമയ വാര്‍ത്താ സമ്മേളനത്തിലാണ് റമാഫോസയെ ഞെട്ടിച്ച ട്രംപിന്റെ നീക്കമുണ്ടായത്. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരെ വംശഹത്യ നടത്തിയതായി അപകീര്‍ത്തികരമായ അവകാശവാദങ്ങളാണ് ട്രംപ് ഉന്നയിച്ചത്. മാത്രമല്ല, കൊല്ലപ്പെട്ട വെള്ളക്കാരായ കര്‍ഷകരുടെ ശവകുടീരങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് റോഡരികില്‍ നിരവധി കുരിശുകള്‍ സ്ഥാപിച്ചതിന്റെ ഒരു വീഡിയോ കൂടി ട്രംപ് പ്ലേ ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ എവിടെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും ദൃശ്യങ്ങള്‍ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപ് ഉയര്‍ത്തിയത് അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നു. വാസ്തവത്തില്‍, ദൃശ്യങ്ങളിലുണ്ടായിരുന്ന കുരിശുകള്‍ യഥാര്‍ത്ഥ ശവക്കുഴികളിലുള്ളതല്ല, മറിച്ച് ക്വാസുലു-നടാല്‍ പ്രവിശ്യയില്‍ ഒരു കര്‍ഷക ദമ്പതികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2020-ല്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ളതായിരുന്നു. വര്‍ഷങ്ങളായി കൊല്ലപ്പെട്ട കര്‍ഷകരെ പ്രതിനിധീകരിക്കുന്നതിനായി പ്രതീകാത്മകമായി കുശിശ് വെച്ച് പ്രതിഷേധിച്ച വീഡിയോയാണ് യഥാര്‍ത്ഥ ശവക്കല്ലറ എന്ന രീതിയില്‍ ട്രംപ് തെറ്റുധരിച്ചത്.

ബുധനാഴ്ചത്തെ വൈറ്റ് ഹൗസ് മീറ്റിംഗിന് മുമ്പ്, യുഎസുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തന്റെ മുന്‍ഗണനയെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ജൂലൈ മുതല്‍ ട്രംപിന്റെ പുതിയ ഇറക്കുമതി നികുതികള്‍ പ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് 30% തീരുവ നേരിടേണ്ടിവരും. ഇതൊക്കെ ഉള്‍പ്പെടുന്ന ചര്‍ച്ചയ്ക്കായിരുന്നു അദ്ദേഹം ട്രംപിനെ കാണാനെത്തിയത്. വെള്ളക്കാരായ രണ്ട് പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ഗോള്‍ഫ് കളിക്കാരെ ഒപ്പംകൊണ്ടുവന്ന്, തന്റെ രാജ്യത്തിന്റെ ഗോള്‍ഫ് കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ പുസ്തകം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു റമാഫോസ. പക്ഷേ ഓവല്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അപമാനിക്കപ്പെടുകയാണ് ചെയ്തത്. മാസങ്ങള്‍ക്കുമുമ്പ് യുക്രേനിയന്‍ പ്രസിഡന്റിനുണ്ടായ അതേ അവസ്ഥ.

വെളുത്ത വംശജരായ കര്‍ഷകരെ വ്യാപകമായി കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ട്രംപ് അവതരിപ്പിച്ചിട്ടും, അപമാനിച്ചിട്ടും റമാഫോസ സംയമനം പാലിച്ചു എന്നതും ശ്രദ്ധേയമാണ്. കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും വിവാദപരമല്ലെന്നായിരുന്നു പിന്നീട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇതിലും വലുത് എന്തെങ്കിലും കാണുമെന്ന് പ്രതീക്ഷിച്ച നിങ്ങളെ നിരാശപ്പെടുത്തിയതില്‍ എനിക്ക് ഖേദമുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംയമനത്തോടെയുള്ള പെരുമാറ്റത്തിനും രാഷ്ട്രീയത്തോടുള്ള കൃത്യമായ സമീപനത്തിനും പേരുകേട്ട വ്യക്തിയാണ് റമാഫോസ. 1990 കളുടെ തുടക്കത്തില്‍ വര്‍ണ്ണവിവേചനത്തിന്റെ വംശീയ വേര്‍തിരിവ് സമ്പ്രദായം പൊളിച്ചുമാറ്റിയ ചര്‍ച്ചകളില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക ചര്‍ച്ചക്കാരനായി പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ നേട്ടമാണ്.

More Stories from this section

family-dental
witywide