
വാഷിംഗ്ടണ്‍: വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പോർട്രെയിറ്റ് ഗാലറിയുടെ ഡയറക്ടര്‍ കിം സാജെറ്റിനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ (DEI) എന്നിവയുടെ വക്താവാണ് അവരെന്നും ഈ പദവിക്ക് അനുചിതയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കിം സാജെറ്റിനെ പുറത്താക്കാൻ പ്രേരിപ്പിച്ച പ്രത്യേക നടപടികളോ അഭിപ്രായങ്ങളോ ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. കിം സാജെറ്റിന്റെയും നാഷണൽ പോർട്രെയിറ്റ് ഗാലറിയുടെയും മ്യൂസിയത്തിന്റെ ഉടമസ്ഥരായ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെയും പ്രതിനിധികൾ ഈ വിഷയത്തില്‍ പ്രതികരിച്ചുമില്ല.
പലരുടെയും അഭ്യർത്ഥനയും ശുപാർശയും മാനിച്ചുകൊണ്ട്, കിം സാജെറ്റിന്റെ നിയമനം അവസാനിപ്പിക്കുന്നു എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചത്. അവർ അതീവ പക്ഷപാതമുള്ള വ്യക്തിയാണ്, കൂടാതെ ഡിഇഐയുടെ ശക്തമായ വക്താവുമാണ്. ഇത് അവരുടെ സ്ഥാനത്തിന് തീർത്തും അനുചിതമാണ്. ഒരു പുതിയ ഗാലറി ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പ്രസിഡന്റുമാരുൾപ്പെടെയുള്ള പ്രമുഖരായ അമേരിക്കക്കാരുടെ ചിത്രങ്ങൾ സൂക്ഷിക്കുന്ന വാഷിംഗ്ടണിലെ ഒരു പ്രധാന സ്ഥാപനമായ ഗാലറിയുടെ ഡയറക്ടർ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് കിം സാജെറ്റ്. വെബ്സൈറ്റ് അനുസരിച്ച് 26,000-ലധികം ചിത്രങ്ങൾ ഇവിടെയുണ്ട്. കിം സാജെറ്റിനെ പുറത്താക്കാൻ ട്രംപിന് നിയമപരമായ അധികാരം ഉണ്ടോ എന്നത് വ്യക്തമല്ല. സ്മിത്സോണിയൻ ഫെഡറൽ ഗവൺമെന്റിൽ നിന്ന് ബജറ്റിന്റെ ഭൂരിഭാഗവും ലഭിക്കുന്നുണ്ടെങ്കിലും സാങ്കേതികമായി ഫെഡറൽ സർക്കാരിൽ നിന്ന് സ്വതന്ത്രമാണ്.