ട്രംപിന് വീണ്ടും തിരിച്ചടി, ലോകരാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി; വിധി ‘ദുരന്ത’മാകുമെന്ന് ട്രംപ്, ഇനി പോരാട്ടം സുപ്രീം കോടതിയില്‍

വാഷിംഗ്ടണ്‍: തന്നിഷ്ടം കാട്ടി ലോകരാജ്യങ്ങൾക്കുമേൽ തീരുവ യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അടിയന്തര അധികാര നിയമപ്രകാരം ഇറക്കുമതിക്ക് വന്‍തോതില്‍ ലോകരാജ്യങ്ങള്‍ക്ക് ചുമത്തുന്ന തീരുവയില്‍ പലതും നിയമവിരുദ്ധമെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചു.  ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ചുമത്തിയ ട്രംപിന്റെ ‘പരസ്പര’ താരിഫുകളെയും ചൈന, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ ചുമത്തിയ മറ്റ് താരിഫുകളെയും ബാധിക്കുന്നതാണ് ഈ വിധി. എന്നാല്‍, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിനാൽ, വിധി യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് ഒക്ടോബർ 14 വരെ മരവിപ്പിച്ചു. അതുവരെ അധിക തീരുവ ചുമത്താന്‍ ട്രംപിന് കഴിയും.

അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരമാണ് തീരുവകള്‍ അനുവദിച്ചിട്ടുള്ളതെന്ന ട്രംപിന്റെ വാദം കോടതി തള്ളിയിരുന്നു. അവ ‘നിയമത്തിന് വിരുദ്ധമായതിനാല്‍ അസാധുവാണ്’ എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ചെറുകിട ബിസിനസുകളും യുഎസ് സംസ്ഥാനങ്ങളുടെ ഒരു സഖ്യവും സമര്‍പ്പിച്ച രണ്ട് കേസുകളിലാണ് ഈ വിധി വരുന്നത്. ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചട്ടവിരുദ്ധമാണെന്നും കഴിഞ്ഞ മേയിൽ, കീഴ്ക്കോടതിയായ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡും വിധിച്ചിരുന്നു. ഇതിനെതിരെയാണ് ട്രംപ് ഭരണകൂടം യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടിനെ സമീപിച്ചതെങ്കിലും അവിടെയും ഇപ്പോൾ തിരിച്ചടിയാണുണ്ടായത്.

അതേസമയം, അസാധാരണമായ ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന് കീഴിലാക്കി തീരുവ ഉയര്‍ത്തിയതിനെ ട്രംപ് ന്യായീകരിച്ചു. അതൃപ്തനായ ട്രംപ് കോടതിവിധിക്കെതിരെ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരണവുമായി എത്തി. ‘ഇത് നിലനില്‍ക്കാന്‍ അനുവദിച്ചാല്‍, ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കും. ഇന്ന് ഒരു ഉയര്‍ന്ന പക്ഷപാതപരമായ അപ്പീല്‍ കോടതി നമ്മുടെ താരിഫുകള്‍ നീക്കം ചെയ്യണമെന്ന് തെറ്റായി പറഞ്ഞു, പക്ഷേ അവസാനം അമേരിക്ക വിജയിക്കുമെന്ന് അവര്‍ക്കറിയാം. ഈ താരിഫുകള്‍ എപ്പോഴെങ്കിലും ഇല്ലാതായാല്‍, അത് രാജ്യത്തിന് ഒരു സമ്പൂര്‍ണ്ണ ദുരന്തമായിരിക്കും. അത് നമ്മെ സാമ്പത്തികമായി ദുര്‍ബലരാക്കും, നമ്മള്‍ ശക്തരായിരിക്കണം.’- ട്രംപ് പ്രതികരിച്ചു.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ് ആണ് സാധാരണയായി തീരുവകള്‍ അംഗീകരിക്കേണ്ടതും നടപ്പാക്കേണ്ടതും. എന്നാല്‍ രാജ്യത്തിന്റെ വ്യാപാര കമ്മി ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായതിനാല്‍ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് അംഗീകരിക്കുന്നതിനു മുമ്പ് തന്നെ തീരുവകള്‍ ട്രംപ് നടപ്പാക്കിയത്. രാജ്യങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും യുഎസ് കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പീല്‍ കോടതിയിലെ വാദത്തില്‍ താരിഫ് അസാധുവാക്കുന്നത് 1929 ലെ ശൈലിയിലുള്ള സാമ്പത്തിക തകര്‍ച്ചയ്ക്കും, മഹാമാന്ദ്യത്തിലേക്ക് നയിക്കുന്ന ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് വൈറ്റ് ഹൗസിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു.

More Stories from this section

family-dental
witywide