ഇത് ട്രംപിന്‍റെ അന്ത്യശാസനം! ഒരു വിലപേശലുകൾക്കും ഇനി സാധ്യതയില്ല, ഹമാസിന് മുന്നിൽ മൂന്നോ നാലോ ദിവസം മാത്രമെന്ന് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ഗാസയിലെ സമാധാന പദ്ധതി സ്വീകരിക്കാൻ ഹമാസിന് ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. പദ്ധതി നിരസിക്കുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. “മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഹമാസ് തീരുമാനമെടുക്കണം, അല്ലെങ്കിൽ അത് ദുഃഖകരമായ അന്ത്യമായിരിക്കും,” വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടും മുമ്പ് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഇസ്രായേൽ നേതാക്കളും അറബ് ലോകത്തെ പ്രമുഖരും ഇതിനോടകം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഹമാസിന്‍റെ മറുപടി നിർണായകമാണെന്നും, വിലപേശലിന് ഇനി സാധ്യത കുറവാണെന്നും ട്രംപ് അറിയിച്ചു.

ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഭാവി ഭരണത്തിന് അടിത്തറയിടാനും 20 ഇനങ്ങളുള്ള ഒരു സമഗ്ര റോഡ്മാപ്പ് പുറത്തിറക്കിയിരുന്നു. ഈ സമാധാന കരാർ, വെടിനിർത്തലിനും യുദ്ധാനന്തര പുനർനിർമ്മാണത്തിനുമുള്ള രൂപരേഖയായാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ഇസ്രായേലും ഹമാസും വ്യവസ്ഥകൾ അംഗീകരിച്ചാൽ, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാകുമെന്ന് പദ്ധതി വാഗ്ദാനം ചെയ്യുന്നു. പ്രധാന വ്യവസ്ഥകളിൽ 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നും, ഇതിന് പകരമായി 2023 ഒക്ടോബർ 7 മുതൽ തടവിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തടവുകാരെ ഇസ്രായേൽ വിട്ടയക്കണമെന്നും ഉൾപ്പെടുന്നു. ഇസ്രായേൽ സൈന്യം ഘട്ടം ഘട്ടമായി പിന്മാറുകയും ഗാസയുടെ പുനർനിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.

ഗാസയുടെ ഭരണം ഹമാസ് ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ, ട്രംപിന്റെ നേതൃത്വത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ അംഗങ്ങളായ ഒരു ‘സമാധാന ബോർഡ്’ (Board of Peace) മേൽനോട്ടം വഹിക്കുന്ന താത്കാലിക ടെക്നോക്രാറ്റിക് ഭരണ സംവിധാനം സ്ഥാപിക്കും. ഈ ബോർഡ് മാനുഷിക സഹായ വിതരണവും പുനർവികസനവും കൈകാര്യം ചെയ്യും. കൂടാതെ, ഒരു അന്താരാഷ്ട്ര സ്ഥിരതാ സേന (International Stabilisation Force) വിന്യസിക്കാനും, വൻതോതിലുള്ള മാനുഷിക സഹായം എത്തിക്കാനും, ഗാസയെ ഭീകരവാദ രഹിതവും സാമ്പത്തിക വളർച്ചയ്ക്ക് അവസരമുള്ളതുമായ മേഖലയാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

More Stories from this section

family-dental
witywide