
വാഷിംഗ്ടൺ: നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) ഏജൻ്റുമാർക്കും മറ്റ് ഫെഡറൽ ഉദ്യോഗസ്ഥർക്കും അനുമതി നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനങ്ങളെ സംരക്ഷിക്കുന്നതുപോലെ, സ്വയം സംരക്ഷിക്കാൻ ഞാൻ പൂർണ്ണ അധികാരം നൽകുകയാണെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
ദക്ഷിണ കാലിഫോർണിയയിലെ ഒരു കഞ്ചാവ് കൃഷി ഫാമിൽ നടന്ന കുടിയേറ്റ റെയ്ഡ് അക്രമാസക്തമായതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രസ്താവന. ഈ സംഭവത്തിൽ ഒരാൾ മരിക്കുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വാഹനങ്ങൾക്ക് നേരെ ‘തെമ്മാടികൾ’ കല്ലുകളും ഇഷ്ടികകളും എറിയുന്നത് കണ്ടതായി ട്രംപ് ആരോപിച്ചു.
ഐസ് ഉദ്യോഗസ്ഥർക്ക് നേരെ തെമ്മാടികൾ കല്ലുകളും ഇഷ്ടികകളും അക്രമാസക്തമായി എറിയുന്നത് അവിശ്വസനീയതയോടെ നോക്കിനിന്നുവെന്ന് അദ്ദേഹം കുറിച്ചു. ഈ പുതിയ വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.”നിയമ നിർവ്വഹണത്തോടുള്ള ബഹുമാനമില്ലായ്മയിൽ ട്രംപ് രോഷം പ്രകടിപ്പിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനും ബോർഡർ സാർ ടോം ഹോമനും ഉദ്യോഗസ്ഥർക്ക് നിർണായകമായി പ്രവർത്തിക്കാൻ അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.