
വാഷിംഗ്ടൺ: വെനസ്വേലയുമായി ബന്ധപ്പെട്ട് താൻ തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ ആഴ്ചയിലെ നിരവധി ഉന്നതതല ചർച്ചകൾക്കും പ്രദേശത്ത് അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാക്കിയതിനും ശേഷം, വെനസ്വേലയിലെ അടുത്ത നടപടികളെ സംബന്ധിച്ച് താൻ തീരുമാനമെടുത്തതായി പ്രസിഡന്റ് ട്രംപ് സൂചന നൽകി.
വെനസ്വേലയിൽ സൈനിക ഇടപെടലിനുള്ള സാധ്യതകളെക്കുറിച്ച് ഈ ആഴ്ച ട്രംപിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽനിന്ന് മാറ്റാൻ സാധ്യമായ വൻകിട സൈനിക നടപടിയുടെ അപകടങ്ങളും ഗുണങ്ങളും അദ്ദേഹം പരിശോധിച്ചു. അതിനിടെ, പെന്റഗൺ “ഓപ്പറേഷൻ സൗത്തേൺ സ്പിയർ” എന്ന പദ്ധതിയുടെ ഭാഗമായി ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും 15,000-ലധികം സൈനികരെയും പ്രദേശത്തേക്ക് വിന്യസിച്ചിരുന്നു.
നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാനുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമായും ഭരണമാറ്റം സാധ്യമാക്കാനുമുള്ള ഒരു നിർണായക നടപടിയിലേക്ക് താൻ അടുത്തുവെന്ന് പ്രസിഡന്റ് വെള്ളിയാഴ്ച സൂചന നൽകി. ആ ചർച്ചകളെക്കുറിച്ചും താൻ തീരുമാനമെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ നേരിട്ട് ചോദിച്ചപ്പോൾ എയർഫോഴ്സ് വണ്ണിൽവെച്ച് ട്രംപ് പ്രതികരിക്കുകയായിരുന്നു. “ഞാൻ ഏതാണ്ട് തീരുമാനിച്ചുകഴിഞ്ഞു. അതെന്തായിരിക്കുമെന്ന് ഇപ്പോൾ നിങ്ങളോട് പറയാൻ കഴിയില്ല, പക്ഷേ തീരുമാനം എടുത്തു.”- ട്രംപ് വ്യക്തമാക്കി.















