
വാഷിംഗ്ടണ്‍ : യുക്രെയ്നും റഷ്യയും ‘അവര്‍ എവിടെയാണോ അവിടെ നിര്‍ത്തുക’ എന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളിഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള രണ്ടുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം..
‘മതിയായ രക്തം ചൊരിഞ്ഞു, അവര്‍ എവിടെയാണോ അവിടെ നിര്‍ത്തണം. ഇരുവരും വിജയം അവകാശപ്പെടട്ടെ, ചരിത്രം തീരുമാനിക്കട്ടെ!’- ട്രംപ് ഒരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. ‘
”യുദ്ധരേഖ എവിടെയായാലും നിങ്ങള്‍ പിന്തുടരുക – അല്ലെങ്കില്‍ അത് വളരെ സങ്കീര്‍ണ്ണമാണ്, യുദ്ധരേഖയില്‍ നിര്‍ത്തുക, ഇരുപക്ഷവും വീട്ടിലേക്ക് പോകണം, കുടുംബങ്ങളുടെ അടുത്തേക്ക് പോകണം, കൊലപാതകം നിര്‍ത്തണം, അങ്ങനെയായിരിക്കണം.” ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘പ്രസിഡന്റ് പറഞ്ഞത് ശരിയാണ്, നമ്മള്‍ എവിടെയാണോ അവിടെ നിര്‍ത്തി സംസാരിക്കണം,’ ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സെലെന്‍സ്‌കിയും പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച പുടിനുമായി ഒരു നീണ്ട ഫോണ്‍ സംഭാഷണം നടത്തുകയും വൈകാതെ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇരുവരും കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം യുദ്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ സ്വരം മാറിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
റഷ്യയെ നേരിടാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലായ ടോമാഹോക്കിന്റെ കാര്യത്തില്‍ അമേരിക്ക യുക്രെയ്ന്‍ അനുകൂല നിലപാട് എടുത്തില്ല. ടോമാഹോക് യുക്രൈന് നല്‍കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ആശങ്കയും ട്രംപിനുണ്ട്. സെലെന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് ഇക്കാര്യത്തില്‍ താന്‍ പിന്‍വലിയുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
‘നമുക്ക് ടോമാഹോക്കുകള്‍ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ‘നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നമ്മള്‍ നല്‍കി പാഴാക്കരുത്. കാരണം നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് അവ ആവശ്യമായി വന്നേക്കാം.’ യുക്രൈന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ സമയമെടുക്കുമെന്നും എളുപ്പത്തില്‍ നല്‍കാന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പ്രതിരോധ ശേഖരത്തില്‍ പരിമിതമായ അളവില്‍ മാത്രമേ ഇവയുള്ളൂ എന്നും രാജ്യത്തിന്റെ ആക്രമണ സജ്ജീകരണങ്ങളുടെ നിര്‍ണായക ഭാഗമാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മിസൈലുകള്‍ നല്‍കിയാല്‍ പകരം ഡ്രോണുകള്‍ നല്‍കാമെന്ന് സെലെന്‍സ്‌കി വാഗ്ദാനം ചെയ്തു. യുക്രെയ്ന്‍ ധാരാളം ഡ്രോണുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അവ യുദ്ധക്കളത്തില്‍ വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ചകള്‍ക്കിടെ ട്രംപ് സ്വയം ‘മധ്യസ്ഥ പ്രസിഡണ്ട്’ എന്നാണ് വിശേഷിപ്പിച്ചത്. താന്‍ അവസാനിപ്പിക്കാന്‍ പോകുന്ന യുദ്ധങ്ങളുടെ പട്ടികയില്‍ ഒമ്പതാമത്തേതാണ് യുക്രെയ്ന്‍ യുദ്ധമെന്നും യുദ്ധങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ പ്രതീക്ഷ അര്‍പ്പിച്ച നൊബേല്‍ സമ്മാനം കിട്ടാതെ പോയതിന്റെ നിരാശയും ട്രംപ് പങ്കുവെച്ചു.
Trump hesitates to give Zelensky Tomahawk missiles.