
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ബോൾറൂം പദ്ധതിയുടെ വ്യാപ്തി, പ്രത്യേകിച്ച് ബോൾറൂമിന്റെ വലുപ്പം സംബന്ധിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കരാർ ഏറ്റെടുത്ത ആർക്കിടെക്ടുമായി തർക്കമുണ്ടായതിനെ തുടർന്ന് പുതിയ ആർക്കിടെക്റ്റിനെ നിയമിച്ചതായി റിപ്പോർട്ട്. മുമ്പ് കരാർ എടുത്തിരുന്ന മക്രാരി ആർക്കിടെക്റ്റ്സും അതിന്റെ സിഇഒ ജെയിംസ് മക്രാരിയും ഇനി പദ്ധതിയുടെ പ്രധാന ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. എന്നാൽ മക്രാരിയെ പിരിച്ചുവിട്ടിട്ടില്ലെന്ന് മറ്റ് രണ്ട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹം പദ്ധതിയിൽ കൺസൾട്ടന്റായി തുടരുമെന്നും അവർ പറഞ്ഞു.
പകരം ചുമതലയേൽക്കുന്നത് ഷാലോം ബറേനെസ് അസോസിയേറ്റ്സ് ആണ്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഈ സ്ഥാപനം മുമ്പ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷന്റെ ദേശീയ ആസ്ഥാനം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
“വൈറ്റ് ഹൗസ് ബോൾറൂം നിർമ്മാണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഓവൽ ഓഫീസിന് ശേഷമുള്ള വൈറ്റ് ഹൗസിലെ ഏറ്റവും മികച്ച കൂട്ടിച്ചേർക്കലായി മാറാൻ പോകുന്ന പ്രസിഡൻ്റ് ട്രംപിൻ്റെ കാഴ്ചപ്പാട് നടപ്പിലാക്കാൻ കഴിവുള്ള ഷാലോം ബറേനെസ് വിദഗ്ധരുടെ ടീമിൽ ചേർന്നതിൽ ഭരണകൂടം സന്തുഷ്ടരാണ്,” വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ സിഎൻഎന്നിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
“പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിൻ്റെ തലസ്ഥാനത്തിൻ്റെ വാസ്തുവിദ്യാപരമായ സ്വത്വം രൂപപ്പെടുത്തിയെടുത്ത ഒരു പ്രഗത്ഭനായ ആർക്കിടെക്റ്റാണ് ഷാലോം, അദ്ദേഹത്തിന്റെ അനുഭവം ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് ഒരു മുതൽക്കൂട്ടാകും,” ഇംഗിൾ കൂട്ടിച്ചേർത്തു. തുടക്കത്തിൽ 200 മില്യൺ ഡോളർ ചെലവിൽ 650 പേർക്ക് ഇരിക്കാവുന്ന 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബോൾറൂമാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, പ്രസിഡൻ്റ് ട്രംപിൻ്റെ നിർബന്ധപ്രകാരം ഇതിന്‍റെ വലുപ്പം വർധിച്ചതായും ചെലവ് 300 മില്യൺ ഡോളറായി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.















