
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ 200 മില്യൺ ഡോളർ വരുന്ന ബാൾറൂം പദ്ധതിക്ക് പിന്തുണ നൽകിയതിന് നന്ദി അറിയിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രമുഖ നിക്ഷേപകർക്കും ധനസഹായികൾക്കുമായി ‘ലെഗസി ഡിന്നർ’ സംഘടിപ്പിച്ചു. 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബാൾറൂമിന്‍റെ നിർമ്മാണം സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. വർഷം മുഴുവനും പതിനായിരക്കണക്കിന് ആളുകൾക്ക് ഇടം നൽകാൻ ഈ പദ്ധതി സഹായിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റുമാർക്ക് നമ്മുടെ രാജ്യത്തെ പ്രദർശിപ്പിക്കാൻ കഴിയണം, പദ്ധതിയെ ചരിത്രപരമായ ശ്രമം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
ലോക്ഹീഡ് മാർട്ടിൻ, മൈക്രോസോഫ്റ്റ്, മെറ്റാ, ഗൂഗിൾ, ആമസോൺ, ടി-മൊബൈൽ, ടെതർ, പാലന്റിർ തുടങ്ങിയ പ്രമുഖ കോർപ്പറേഷനുകളുടെ പ്രതിനിധികൾ ഈ അത്താഴ വിരുന്നിൽ പങ്കെടുത്തതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ പല കമ്പനികൾക്കും ഫെഡറൽ ഗവൺമെന്റുമായി ബിസിനസ് ഇടപാടുകളുണ്ട്. ക്രപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ജെമിനിയുടെ സഹസ്ഥാപകരായ ടൈലർ, കാമറൂൺ വിങ്ക്ലെവോസ്, ന്യൂസ്മാക്സ് അവതാരക ഗ്രെറ്റ വാൻ സസ്റ്റേരൻ, മുൻ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാനും മുൻ ട്രംപ് ചീഫ് ഓഫ് സ്റ്റാഫുമായ റീൻസ് പ്രീബസ് എന്നിവരും പത്രക്കാർക്ക് ഭാഗികമായി പ്രവേശനമുണ്ടായിരുന്ന വിരുന്നിൽ പങ്കെടുത്തു.
ഈ പരിപാടി ബാൾറൂമിനായുള്ള ധനസമാഹരണ പരിപാടിയായിരിക്കുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും, ഇതൊരു നന്ദി പറയൽ വിരുന്നായിരുന്നു എന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രി വിശദീകരിച്ചത്. ബാൾറൂം പദ്ധതിയുടെ മുഴുവൻ ഫണ്ടിംഗും പൂർത്തിയായെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.