റഷ്യക്കു കൊള്ളാൻ ഇന്ത്യക്ക് അടി; യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഇന്ത്യയ്ക്ക് മേൽ ‘ഉപരോധങ്ങൾ’ ഏർപ്പെടുത്തിയതായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ : യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേല്‍ തീരുവ വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെ നിരവധി നടപടികള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധസമയത്തും അതിനുശേഷവും റഷ്യന്‍ എണ്ണ വില്‍പ്പനയിലൂടെ ഇന്ത്യ ‘വലിയ’ ലാഭം നേടിയെന്ന് ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് വൈറ്റ് ഹൗസും സമാന പരാമര്‍ശം നടത്തിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ചര്‍ച്ചയ്ക്ക് തയ്യാറായതില്‍ ഇന്ത്യയ്ക്ക് താന്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും ഒരു പങ്കു വഹിച്ചിരിക്കാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

”ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വലിയ തോതില്‍ പൊതുജന സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ഉപരോധങ്ങളും മറ്റ് നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഈ യുദ്ധം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് മുന്നോട്ട് പോകാനും യുക്രെയ്നിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു” ലീവിറ്റ് പറഞ്ഞു.

സമാധാന കരാര്‍ ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ച രാവിലെ ട്രംപ് വൈറ്റ് ഹൗസില്‍ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി പുടിനുമായി ഒരു ത്രികക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് സൂചനയും നല്‍കി.