രണ്ട് ദിവസത്തെ സന്ദർശനത്തിനായി ട്രംപ് യുകെയിൽ; ബ്രിട്ടനിലെ ഏറ്റവും വലിയ ഗാർഡ് ഓഫ് ഓണർ നൽകും, ‘നാളെ ഒരു വലിയ ദിവസമായിരിക്കു’മെന്ന് ട്രംപ്

ലണ്ടന്‍: രണ്ടു ദിവസത്തെ യുകെ സന്ദര്‍ശത്തിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പത്‌നി മെലാനിയയും ലണ്ടനില്‍ എത്തി. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിന്‍ഡ്സര്‍ കാസിലില്‍ ഇരുവര്‍ക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

വിന്‍ഫീല്‍ഡ് ഹൗസില്‍ എത്തിയ ശേഷം ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചു. നാളെ വലിയൊരു ദിവസമായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. നാളെ യുകെ പ്രധാനമന്ത്രി കിയെര്‍ സ്റ്റാര്‍മറുമായി ട്രംപിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. എയര്‍ഫോഴ്സ് വണ്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ട്രംപിനെ യുകെയിലെ യുഎസ് അംബാസഡര്‍ വാറന്‍ സ്റ്റീഫന്‍സും രാജാവിന്റെ ലോര്‍ഡ്- ഇന്‍- വെയിറ്റിങ് വിസ്‌കൗണ്ട് ഹെന്റി ഹുഡും ചേര്‍ന്ന് സ്വീകരിച്ചു. അംബാസഡര്‍ വാറന്‍ എ സ്റ്റീഫന്‍സിനെ അദ്ദേഹം അഭിനന്ദിച്ചു. യാത്ര മികച്ചതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബറിയിലുള്ള തന്റെ ഗോള്‍ഫ് കോഴ്‌സിനെയും ഹോട്ടലിനെയും കുറിച്ച് അദ്ദേഹം സംസാരിച്ച ട്രംപ്. യുകെയില്‍ തനിക്ക് ‘പ്രിയപ്പെട്ട സ്ഥലങ്ങള്‍’ ഉണ്ടെന്നും പ്രതികരിച്ചു.

ബ്രിട്ടനിലെ ഏറ്റവും വലിയ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ 1,300 സൈനികരടങ്ങുന്ന പരേഡുകള്‍, റെഡ് ആരോസ് എയര്‍ഷോ, സ്റ്റേറ്റ് ബാങ്ക്വറ്റ് എന്നിവയുള്‍പ്പെടെ ബ്രിട്ടനിലെ ഏറ്റവും വലിയ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ട്രംപിനെ സ്വീകരിക്കും. ആഡംബരത്തിന്റെയും ഔദ്യോഗിക സ്വീകരണത്തിന്റെയും മണിക്കൂറുകളാണ് ട്രംപിനെ കാത്തിരിക്കുന്നത്. സെന്റ് ജോര്‍ജ്ജ് ഹാളില്‍ ഒരുക്കുന്ന വിരുന്ന് രാജകീയ സ്വാഗതത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. ട്രംപ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിന്‍സറിലും ടവര്‍ ഓഫ് ലണ്ടനിലും ആചാരവെടികള്‍ മുഴങ്ങും.

ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2019ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം.

കനത്ത സുരക്ഷയൊരുക്കി ബ്രിട്ടണ്‍

അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടയില്‍ പ്രതിഷേധങ്ങള്‍ക്കും മറ്റ് അനിഷ്ട സംഭവങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌നൈപ്പര്‍മാരെയും ഡ്രോണുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, നദിയില്‍ പൊലീസ് ബോട്ടുകള്‍ പട്രോളിങ് നടത്തുന്നു. ഇത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടും എഴുപതോളം വരുന്ന പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തന്നെ വിന്‍സര്‍ കൊട്ടാരത്തിനു മുന്നില്‍ ട്രംപിനെതിരെ പ്ലക്കാര്‍ഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തിയിരുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ വിമര്‍ശകരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

More Stories from this section

family-dental
witywide