
വാഷിംഗ്ടൺ: പാക് സൈനിക മേധാവി അസിം മുനീർ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കഴ്ച നടത്തും. ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിനാണ് അസിം മുനീറിനെ വൈറ്റ് ഹൗസ് ക്ഷണിച്ചിട്ടുള്ളത്. ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് വളരെ നിർണായകമെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കൻ സൈന്യത്തിന്റെ 250-ാം വാർഷികവും ട്രംപിന്‍റെ ജന്മദിനവും ഒന്നിച്ച് ആഘോഷിച്ചപ്പോൾ മുനീറിനെ അമേരിക്ക ക്ഷണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് അമേരിക്കൻ ഉദ്യോഗസ്ഥർ നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ പാക് സൈനിക മേധാവിയ്ക്ക് അവസരമൊരുങ്ങുന്നത്.
ഇറാനുമായി ഏതാണ്ട് 909 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നുള്ളതാണ് ശ്രദ്ധേയം.
ഇസ്രയേൽ – ഇറാൻ സംഘര്‍ഷം കനക്കുമ്പോൾ യുഎസ് നേരിട്ട് കളത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സിം മുനീർ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കഴ്ച നടത്തുന്നത്.
അതേസമയം, അസിം മുനീറിന് ട്രംപ് ‘റെഡ് കാർപറ്റ്’ സ്വീകരണം നൽകുന്നതിൽ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്രം തകർന്നുവെന്നും പ്രധാനമന്ത്രി നിശബ്ദനായി ഇരിക്കുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
അസിം മുനീർ വൈറ്റ് ഹൗസിൽ എത്താനിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി സംസാരിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസിന് യാതൊരു പങ്കുമില്ലെന്ന് മോദി ട്രംപിനെ അറിയിച്ചു. പാകിസ്ഥാൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നുമുള്ള നിലപാടും മോദി വ്യക്തമാക്കി.