റിപ്പോർട്ടർ തന്നെ കോഴി എന്ന് വിളിച്ചെന്ന് ട്രംപ് കരുതി! ആ വാക്ക് അതുവരെ കേൾക്കാത്ത യുഎസ് പ്രസിഡന്‍റ്, കടുത്ത നിരാശയിൽ ട്രംപ്

വാഷിംഗ്ടണ്‍: ട്രംപിനെ പരിഹസിക്കുന്നതിന് പുതിയതായി പ്രചാരത്തിലുള്ള ടാക്കോ (TACO) എന്ന ചുരുക്കപ്പേരിനെക്കുറിച്ച് ചോദിച്ചപ്പോൾ യുഎസ് പ്രസിഡന്‍റ് ക്ഷുഭിതനായതിന്‍റെ കാരണം വ്യക്തമാക്കി വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ. ട്രംപിന്റെ താരിഫുകളെക്കുറിച്ച് പുതുതായി ഉപയോഗിക്കുന്ന വാക്കാണ് TACO, അതായത് Trump Always Chickens Out (ട്രംപ് എപ്പോഴും ഭയന്നോടുന്നു). ട്രംപ് ഈ വാക്ക് അതുവരെ കേട്ടിരുന്നില്ല, അതുകൊണ്ട് അദ്ദേഹം അമ്പരന്നുപോയി എന്നാണ് വിശദീകരണം.

ട്രംപ് അന്ന് തന്നെ താനിത് കേട്ടിട്ടില്ല എന്ന് പറയുകയും അതിനെ ഏറ്റവും മോശം ചോദ്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടർ അദ്ദേഹത്തെ ഒരു കോഴിയെന്ന് വിളിക്കുകയാണെന്ന് അദ്ദേഹം കരുതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപ് ആ വാചകത്തിൽ നിരാശനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിനാൻഷ്യൽ ടൈംസിലെ ഒരു കോളമിസ്റ്റാണ് മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഈ ചുരുക്കപ്പേര് ഉപയോഗിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണികളെക്കുറിച്ച് വ്യാപാരികൾക്ക് അധികം വിഷമിക്കേണ്ടതില്ലെന്ന് സൂചിപ്പിക്കാൻ വാൾസ്ട്രീറ്റിലെ ചിലർ ഇപ്പോൾ ഇത് ഒരു ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. സംഭവത്തിന് ശേഷം ട്രംപ് തന്‍റെ ടീമിനോടും നിരാശ പ്രകടിപ്പിച്ചതായി വിഷയത്തെക്കുറിച്ച് വൃത്തങ്ങൾ അറിയിച്ചു. ആ വാക്ക് തന്നെ അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നില്ല, മറിച്ച് തന്‍റെ ടീം ഈ വാക്ക് പ്രചാരത്തിലായത് അദ്ദേഹത്തെ അറിയിച്ചില്ല എന്നതിലും അദ്ദേഹത്തിന് നീരസമുണ്ടായിരുന്നു.