
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ‘ട്രംപ് മരിച്ചു’ എന്ന തരത്തിലുള്ള ആയിരക്കണക്കിന് പോസ്റ്റുകളാണ് ശനിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയത്. ജൂലൈ മുതൽ ട്രംപിന്റെ കൈകളിലെ ചതവുകളും കാലുകളിലെ നീരും സംബന്ധിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ മേക്കപ്പ് ഉപയോഗിച്ച് മറച്ചതായി കാണപ്പെട്ടത് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.
ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഓഗസ്റ്റ് 27-ന് യുഎസ്എ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. “കഴിഞ്ഞ 200 ദിവസത്തിനിടയിൽ എനിക്ക് ധാരാളം തൊഴിൽപരമായ പരിശീലനം ലഭിച്ചു. ഒരു ദുരന്തം സംഭവിച്ചാൽ, എനിക്ക് ലഭിച്ചതിനേക്കാൾ മികച്ച പരിശീലനം വേറെയില്ല” വാൻസ് പറഞ്ഞു. എന്നാൽ ട്രംപ് പൂർണ്ണ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പൊതുവേദികളിൽ നിന്നുള്ള അസാന്നിധ്യം സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ട്രംപ് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമെന്ന് വിധിച്ച യു.എസ്. അപ്പീൽ കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ച് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ട്രംപിന്റെ വലതുകൈയിലെ ചതവുകൾ ഭാഗികമായി മറച്ച നിലയിൽ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലും പിന്നീട് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചയിലും ദൃശ്യമായിരുന്നു.