
വാഷിംഗ്ടൺ: റഷ്യക്ക് മേൽ ‘വലിയ’ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക തയ്യാറാണെന്നും, എന്നാൽ നാറ്റോ സഖ്യകക്ഷികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തിയാൽ മാത്രമേ അത് ചെയ്യുകയുള്ളൂ എന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നാറ്റോ രാജ്യങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ട്രംപിന്റെ ആവശ്യം നാറ്റോയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
കാരണം, ഈ വിഷയത്തിൽ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് നാറ്റോയുടെ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നുവെന്നും ട്രംപ് കത്തിൽ പറയുന്നു. “നാറ്റോ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തുകയും, ഉപരോധങ്ങൾക്ക് തയ്യാറാവുകയും ചെയ്താൽ ഞാനും തയ്യാറാണ്. നിങ്ങൾ എപ്പോൾ വേണമെങ്കിലും പറഞ്ഞാൽ മതി”, ട്രംപ് പറഞ്ഞു.
ചൈനക്ക് മേൽ വലിയ നികുതി ചുമത്തണമെന്നും ട്രംപ്
റഷ്യൻ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ നാറ്റോ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെ നികുതി ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ നികുതി യുദ്ധം അവസാനിച്ച ശേഷം പിൻവലിക്കാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഈ നടപടികൾ സ്വീകരിച്ചാൽ റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.














