പുട്ടിനു ചുവപ്പുപരവതാനി വിരിക്കാന്‍ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് ട്രംപ് ; ഇത് അല്പം കടന്നുപോയില്ലേയെന്ന് യുക്രെയ്ന്‍വരെ ചോദിച്ചു

വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാന ചര്‍ച്ചയ്ക്കായി അലാസ്‌കയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് സ്വീകരണമൊരുക്കാന്‍ ചുവപ്പുപരവതാനി വിരിച്ചതുമായി ബന്ധപ്പെട്ട് യുഎസ് സൈന്യത്തിന്റെ ദൃശ്യങ്ങള്‍ ആഗോള ശ്രദ്ധയിലേക്ക്. റഷ്യന്‍ പ്രസിഡന്റിനെ കണ്ടപ്പോഴുള്ള ട്രംപിന്റെ ആവേശകരമായ പ്രതികരണം മറ്റേതൊരു ലോക നേതാവിനെയും സ്വാഗതം ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. 2018 ന് ശേഷം ഇരുവരും ആദ്യമായി നേരിട്ട് കണ്ടുമുട്ടിയപ്പോള്‍, പുഞ്ചിരിച്ചും കയ്യടിച്ചുമായിരുന്നു ട്രംപ് സ്വീകരിച്ചത്.

അലാസ്‌ക വ്യോമതാവളത്തിലെത്തിയ പുട്ടിനു നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചതോടെ വലിയ ചര്‍ച്ചയ്ക്കും തുടക്കമായി.

ധീരരായ സൈനികരെക്കൊണ്ട് ഇത്തരത്തില്‍ പരവതാനി വിരിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന്‍ പോലും രംഗത്തെത്തി. ‘മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ’ എന്ന അടിക്കുറിപ്പോടെ യുക്രെയ്‌ന്റെ റെസ്റ്റോറേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഏജന്‍സി മുന്‍ മേധാവി മുസ്തഫാ നയീം എക്‌സിലൂടെ ട്രംപിനെ പരിഹസിച്ചു.

ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാര്‍പ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊമിന്റെ വിമര്‍ശനം.

More Stories from this section

family-dental
witywide