മസ്കിനെതിരെ ആഞ്ഞടിച്ച് ട്രംപ് ; സബ്‌സിഡിയില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത്‌ ആഫ്രിക്കയിലേക്ക് തിരിച്ച് പോകേണ്ടി വരുമായിരുന്നു

വാഷിംഗ്ടൺ: സർക്കാർ സബ്‌സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ ഇലോൺ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നുവെന്ന് ട്രംപ്. ഇലോൺ മസ്‌ക് ട്രംപിൻ്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ വിമർശനം കടുപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മറുപടിയുമായി എത്തിയിരിക്കുന്നത്.

മസ്കിന് മറ്റാർക്കും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സബ്സിസികൾ ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് വിമർശിച്ചു. ട്രംപിൻ്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ നിയമമായാൽ ഉടനെ പുതിയ പാർട്ടി രൂപികരിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ. രാജ്യത്തിന്റെ കടം ഉയർത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികൾക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദ്യമുയർത്തിയിരുന്നു. ഇതിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ ‘കടം അടിമത്ത ബിൽ’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. ഉടൻ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ ‘ഫെഡറൽ കമ്മി വർദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൻ്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പുതിയ നിയമനിർമ്മാണത്തെ കണക്കാക്കുന്നത്.