
വാഷിംഗ്ടണ്‍: രാഷ്ട്രീയ എതിരാളികളെയും ശത്രുക്കളെയും വളരെ മോശം ഭാഷയില്‍ വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിൽ മരിച്ചവരെ അനുസ്മരിക്കുന്ന പാവനമായ ദിനത്തിലാണ് ട്രംപിന്‍റെ പരാമര്‍ശങ്ങൾ. തന്‍റെ രാഷ്ട്രീയ എതിരാളികളെയും ശത്രുക്കളെയും നീചന്മാരെന്നും വിലയില്ലാത്തവരെയും
ഫെഡറൽ ജഡ്ജിമാരെ യുഎസിനെ വെറുക്കുന്ന രാക്ഷസന്മാർ എന്നും മുൻ പ്രസിഡന്‍റ് ജോ ബൈഡനെ കഴിവില്ലാത്തവൻ എന്നുമാണ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ മെമ്മോറിയൽ ഡേ പോസ്റ്റിൽ ട്രംപ് വിശേഷിപ്പിച്ചത്.
“കഴിഞ്ഞ നാല് വർഷം വികൃതമായ റാഡിക്കൽ ഇടതുപക്ഷ ചിന്തകളാൽ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ച നീചന്മാര്‍ ഉൾപ്പെടെ എല്ലാവർക്കും സന്തോഷകരമായ മെമ്മോറിയൽ ഡേ ആശംസകൾ” – ട്രംപ് കുറിച്ചു. തന്‍റെ നാടുകടത്തൽ അജണ്ടയെ പിന്തുണയ്ക്കുന്നതിനായി ട്രംപ് തന്റെ മെമ്മോറിയൽ ഡേ സന്ദേശത്തിൽ ബൈഡനെ കഴിവില്ലാത്ത പ്രസിഡന്‍റ് എന്ന് വിളിക്കുകയും കുടിയേറ്റക്കാരുടെ കടന്നുവരവിന് കാരണക്കാരനാണെന്ന് ആരോപിക്കുകയും ചെയ്തു. കൊലപാതകികളെയും, മയക്കുമരുന്ന് വ്യാപാരികളെയും, ബലാത്സംഗം ചെയ്യുന്നവരെയും, സംഘാംഗങ്ങളെയും, ലോകമെമ്പാടുമുള്ള ജയിൽ മോചിതരെയും നമ്മുടെ രാജ്യത്ത് താമസിപ്പിക്കാൻ ജഡ്ജിമാർ ശ്രമിക്കുന്നു. അങ്ങനെ അവർക്ക് വീണ്ടും കൊള്ളയടിക്കാനും, കൊലപ്പെടുത്താനും, ബലാത്സംഗം ചെയ്യാനും കഴിയും എന്നാണ് ട്രംപ് പറഞ്ഞത്.