
റിയാസ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സിറിയക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ ഉത്കണ്ഠയിലായി ഇസ്രായേലും ഇറാനും. സിറിയക്കെതിരായ ഉപരോധങ്ങള്‍ ട്രംപ് പൂര്‍ണമായും പിന്‍വലിച്ചത് ചൊവ്വാഴ്ചയാണ്. പിറ്റേന്ന് അദ്ദേഹം സിറിയയുടെ ഇടക്കാല പ്രസിഡന്‍റ് അഹമ്മദ് അല്‍ ഷാരയുമായി ചര്‍ച്ചയും നടത്തി. 25 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമാണ് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ നേരില്‍ കാണുന്നത്.
കഴിഞ്ഞ 13 വര്‍ഷത്തെ ആഭ്യന്തരയുദ്ധം കാരണം തകര്‍ന്നു തരിപ്പണമായ സിറിയയുടെ പുനര്‍നിര്‍മാണത്തിന് വഴി തെളിക്കുന്നതാണ് യുഎസിന്‍റെ ഉപരോധം പിൻവലിക്കൽ. മധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ ബലാബലത്തിൽ വലിയ മാറ്റങ്ങൾക്കും വഴിവെയ്ക്കുകയും ചെയ്യും. ഏറ്റവും പ്രമുഖ ശക്തികളായ ഇറാനും ഇസ്രയേലും അമേരിക്കന്‍ തീരുമാനത്തില്‍ വ്യക്തമായ അസന്തുഷ്ടിയുണ്ട്. തുര്‍ക്കിയും ഇതൊരു നല്ല നീക്കമായി കാണുന്നില്ല. സൗദി അറേബ്യയ്ക്ക് മേഖലയില്‍ ഉണ്ടായ മുന്‍തൂക്കമാണ് കാരണം. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഉപരോധം നീക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.