
വാഷിംഗ്ടണ്‍: ബീഫ്, തക്കാളി, കാപ്പി, വാഴപ്പഴം എന്നിവയുൾപ്പെടെയുള്ള കാർഷിക ഇറക്കുമതി ഉൽപ്പന്നങ്ങളുടെ താരിഫ് മുൻകാല പ്രാബല്യത്തോടെ, അതായത് വ്യാഴാഴ്ച മുതൽ കുറച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു. ട്രംപ് ഒപ്പിട്ട ഈ ഉത്തരവ്, 10% മുതൽ 50% വരെ ഉയർന്നേക്കാവുന്ന പരസ്പര താരിഫ് നിരക്കുകളിൽ നിന്ന് ഈ ഉൽപ്പന്നങ്ങളെ ഒഴിവാക്കുന്നു. പക്ഷേ, താരിഫിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണമായി ഇളവ് ലഭിക്കുന്നില്ല.
ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പ്രധാന വിതരണക്കാരായ മെക്സിക്കോയിൽ നിന്നുള്ള തക്കാളിക്ക് 17% താരിഫ് തുടർന്നും ഈടാക്കും. ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഒരു വ്യാപാര കരാർ ജൂലൈയിൽ കാലഹരണപ്പെട്ടതിന് ശേഷമാണ് ഈ നിരക്ക് നിലവിൽ വന്നത്. ഈ താരിഫുകൾ നിലവിൽ വന്നതിന് തൊട്ടുപിന്നാലെ തക്കാളിയുടെ വില വർദ്ധിച്ചിരുന്നു. ഇനി പരസ്പര താരിഫ് നേരിടാത്ത പല ഉൽപ്പന്നങ്ങൾക്കും ട്രംപ് അധികാരമേറ്റ ശേഷം വലിയ വിലക്കയറ്റം നേരിട്ടിരുന്നു. ട്രംപ് ഏർപ്പെടുത്തിയ താരിഫുകളും ആഭ്യന്തര വിതരണത്തിലെ അപര്യാപ്തതയുമാണ് ഇതിന് ഭാഗികമായി കാരണം.














